16 കോടിയുടെ തട്ടിപ്പ്; തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍
തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. വ്യവസായിയെ കബളിപ്പിച്ച് 16 കോടി തട്ടിയെടുത്ത കേസിലാണ് രവീന്ദറിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍.
മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയിൽ പറയുന്നത്. 2020 ഒക്ടോബറിലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. സെപ്റ്റംബർ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 15,83,20,000 രൂപ ബാലാജി നൽകുകയും ചെയ്തു.എന്നാൽ തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല എന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് അന്വേഷണത്തിൽ ബാലാജിയിൽ നിന്ന് നിക്ഷേപം തട്ടിയെടുക്കാൻ രവീന്ദർ വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
അന്വേഷണത്തില്‍ രവീന്ദര്‍ വ്യാജരേഖ ചമച്ചതായി കണ്ടെത്തിയിട്ടുണ്ട്. കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിന്‍റെ നിര്‍ദേശപ്രകാരം ഒളിവിൽപ്പോയ പ്രതിയെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. മുരുങ്ങാക്കായ് ചിപ്സ്, സുട്ട കഥൈ,നളനും നന്ദിനിയും തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാവാണ് രവീന്ദര്‍. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം നടി മഹാലക്ഷ്മിയെ വിവാഹം കഴിക്കുന്നത്.