'ജീവിച്ചിരിക്കുന്ന ഇതിഹാസം'; മോഹൻലാലിനെ പ്രശംസിച്ച് തെലുങ്ക് താരം രവി ശങ്കർ
മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യിൽ സഹതാരമാണ് രവി ശങ്കർ
നടൻ മോഹൻലാലിനെ പ്രശംസിച്ച് തെലുങ്ക് താരം രവി ശങ്കർ. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് മോഹൻലാലെന്നും അദ്ദേഹത്തിനൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് ബഹുമതിയായി കരുതുന്നുവെന്നും നടൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യിൽ സഹതാരമാണ് രവി ശങ്കർ.
ജീവിച്ചിരിക്കുന്ന ഇതിഹാസമായ മോഹൻലാലിനൊപ്പം വൃഷഭയിലൂടെ സ്‌ക്രീൻ പങ്കിടാനായത് ബഹുമതിയായി കരുതുന്നു. ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രവി ശങ്കർ കുറിച്ചു.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാല് ഭാഷകളിലായാണ് വൃഷഭ ഒരുങ്ങുന്നത്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ്പ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ, ശോഭ കപൂർ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. നന്ദ കിഷോർ സംവിധായകനാകുന്ന ചിത്രത്തിൽ സിമ്രൻ, സാഹ്‌റ ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
മോഹൻലാലിനൊപ്പം റോഷൻ മെകയും ഷനായ കപൂറും സാറാ എസ് ഖാനും ചിത്രത്തിൽ എത്തുന്നു. ചിത്രത്തിൽ അഭിനയിക്കുന്നവരുടെ മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. റോഷൻ മെകയുടെ പെയർ ആയിട്ടാണ് ചിത്രത്തിൽ ഷനായ എത്തുന്നത്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.