'പിടിക്കപ്പെടും, കുറേ ബുദ്ധിമുട്ടും'.. രാധെയുടെ വ്യാജ പ്രിന്‍റ് കാണുന്നവര്‍ക്ക് സല്‍മാന്‍ ഖാന്‍റെ മുന്നറിയിപ്പ്
'249 രൂപയ്ക്ക് രാധെ കാണാനുള്ള അവസരം ഞങ്ങള്‍ ഒരുക്കിതന്നിട്ടുണ്ട്'
സല്‍മാന്‍ ഖാന്‍ ചിത്രം രാധെ ഒ.ടി.ടി റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്‍പിലെത്തിയത്. മെയ് 13ന് സീ5ലാണ് റിലീസ് ചെയ്തത്. വൈകാതെ ചിത്രം ചോര്‍ന്നു. പൈറേറ്റഡ് കോപ്പി ചില സൈറ്റുകള്‍ നിയമവിരുദ്ധമായി അപ്‍ലോഡ് ചെയ്തെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും ഓര്‍മിപ്പിക്കുകയാണ് സല്‍മാന്‍ ഖാന്‍.
'249 രൂപയ്ക്ക് രാധെ കാണാനുള്ള അവസരമുണ്ട്. അല്ലാതെ പൈറേറ്റഡ് സൈറ്റുകള്‍ വഴി നിയമവിരുദ്ധമായി സിനിമ കാണിക്കുന്നത് ഗുരുതരമായ കുറ്റമാണ്. പൈറേറ്റഡ് സൈറ്റുകള്‍ക്കെതിരെ സൈബര്‍ സെല്‍ നിയമ നടപടിയെടുക്കും. പൈറസിയില്‍ പങ്കുചേരാതിരിക്കൂ. അല്ലെങ്കില്‍ സൈബര്‍ സെല്‍ നിങ്ങള്‍ക്കെതിരെ തീര്‍ച്ചയായും നടപടി എടുത്തിരിക്കും. നിങ്ങള്‍ കുഴപ്പത്തിലാകുമെന്ന കാര്യം ദയവായി മനസിലാക്കൂ' സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
കോവിഡ് അതിരൂക്ഷമായതിന് പിന്നാലെയാണ് പ്രഭുദേവ സംവിധാനം ചെയ്ത രാധെ ഒടിടി റിലീസായി എത്തിയത്. സല്ലു ഫാന്‍സ് ഇരമ്പി എത്തിയതോടെ സീ ഫൈവില്‍ സ്ട്രീമിഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം ഉയര്‍ന്ന ട്രാഫിക് കാരണം സെര്‍വര്‍ ഡൗണായി. പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെട്ടു.
സല്‍മാന്‍ ഖാനൊപ്പം രണ്‍ദീപ് ഹൂഡ, ദിഷ പട്‌നാനി, ജാക്കി ഷറോഫ് എന്നിവരും ചിത്രത്തിലുണ്ട്. സല്‍മാന്‍ ഖാനും സഹോദരന്‍ സുഹൈല്‍ ഖാനും അതുല്‍ അഗ്നിഹോത്രിയും ചേര്‍ന്നാണ് നിര്‍മ്മാണം. സീ സ്റ്റുഡിയോസാണ് വിതരണം. കൊറിയന്‍ ചിത്രം ഔട്ട് ലോസിന്‍റെ റീമേക്കാണ് രാധെ.