സൗദിയിലെ ബിനാമി സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും വിദേശികളുടേതെന്ന് ശൂറ കൗണ്‍സില്‍
സൗദിയിലെ ബിനാമി സ്ഥാപനങ്ങളില്‍ ഏറിയ പങ്കും വിദേശികളുടെതാണെന്ന് ശൂറ കൗണ്‍സില്‍ വ്യക്തമാക്കി.
സൗദിയിലെ ബിനാമി സ്ഥാപനങ്ങളില്‍ ഏറിയ പങ്കും വിദേശികളുടെതാണെന്ന് ശൂറ കൗണ്‍സില്‍ വ്യക്തമാക്കി. വിദേശികള്‍ നടത്തുന്ന ഇത്തരം ബിനാമി സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ശൂറ കൗണ്‍സിലിലെ മാനവവിഭവശേഷി സമിതിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ജോലിക്കാരായ സ്വദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ശൂറ കൗണ്‍സില്‍ മുമ്പെടുത്ത തീരുമാനത്തില്‍ വന്ന ചര്‍ച്ചയിലാണ് മാനവവിഭവശേഷി സമിതി വിദേശികളുടെ ബിനാമി സ്ഥാപനങ്ങളുടെ ബാഹുല്യവും അവ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും പുറത്തെടുത്തത്. സിവില്‍ സര്‍വീസ് നിയമത്തിലെ 13ാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്നാണ് ശൂറ കൗണ്‍സില്‍ അംഗം ഡോ. അഹ്മദ് അസൈലഇ വിഷയം അവതരിപ്പിച്ചത്. പൗരന്മാരുടെ വരുമാനം വര്‍ധിക്കാനും ജീവിതനിലവാരം മെച്ചപ്പെടാനും ഭേദഗതി കാരണമാവുമെന്നും അദ്ദേഹം സമര്‍ഥിച്ചു.
നിലവില്‍ പല സര്‍ക്കാര്‍ ജോലിക്കാരും തങ്ങളുടെ ആശ്രിതരുടെയും ബന്ധുക്കളുടെയും പേരില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെന്നതാണ് സത്യം. സ്വദേശികള്‍ ബന്ധുക്കളുടെ പേരില്‍ നടത്തുന്ന ഇത്തരം ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കാനും നിയമ ഭേദഗതി അനിവാര്യമാണെന്ന് ഡോ. അസൈലഇ വാദിച്ചു. ഈ സാഹചര്യത്തിലാണ് ബിനാമി സ്ഥാപനങ്ങളില്‍ കൂടിയ പങ്കും വിദേശികളുടെ പേരില്‍ നടത്തുന്നതാണെന്നും വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് സ്വദേശികളുടെ പേരിലുള്ളതെന്നും മാനവവിഭവശേഷി സമിതി തുറന്നടിച്ചത്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്വകാര്യ സ്ഥാപനം നടത്താന്‍ അനുമതി നല്‍കിയാല്‍ ഓഫീസര്‍മാരുടെ ജോലിയെയും പ്രവര്‍ത്തന ക്ഷമതയെയും ദോഷകരമായി ബാധിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു. അതിനാല്‍ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ശൂറ കൗണ്‍സില്‍ ചര്‍ച്ചക്കും വോട്ടിങിനും വിടണമെന്നും സമിതിയംഗങ്ങള്‍ പറഞ്ഞു.