വിവാദ പരാമര്‍ശം: കുവൈത്തില്‍ പാര്‍ലമെന്റ് അംഗത്തിനെതിരെ അറസ്റ്റ് വാറന്റ്
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കുവൈത്തില്‍ പാര്‍ലമെന്റ് അംഗത്തിനെതിരെ അറസ്റ്റ് വാറന്റ്.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കുവൈത്തില്‍ പാര്‍ലമെന്റ് അംഗത്തിനെതിരെ അറസ്റ്റ് വാറന്റ്. അബ്ദലി ചാരസെല്‍ സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങളുടെ പേരിലാണ് അബ്ദുൽ ഹമീദ് ദഷ്തി എംപിയെ അറസ്റ്റ് ചെയ്യാൻ ചീഫ് അറ്റോർണി ജെനറൽ ദാരി അൽ അസൂസി ഉത്തരവ് പുറപ്പെടുവിച്ചത്.
അബ്ദലി ചാരക്കേസ് സംഭവത്തിൽ ഇറാനെ പ്രതിസ്ഥാനത്തു നിർത്തിയ പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടിയെ പാർലിമെന്റംഗമായ അബ്ദുൾ ഹമീദ് ദഷ്തി വിമർശിച്ചത് നേരത്തെ വിവാദമായിരുന്നു. സൗദി, ബഹറൈൻ നേതൃത്വത്തിനെതിരെ നടത്തിയ പരാമർശങ്ങളും കൂടി കണക്കിലെടുത്താണ് അറസ്റ്റ് വാറണ്ട് . ഇറാനിയൻ ടെലിവിഷൻ ചാനലിനു നല്കിയ അഭിമുഖത്തിൽ സൗദി അറേബ്യയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്ന സൗദി എംബസിയുടെ പരാതിയിൽ അബ്ദുൽ ഹമീദ് ദശ്തിയുടെ പാർലിമെന്ററി പരിരക്ഷ ജനുവരിയിൽ കുവൈത്ത് എടുത്തു മാറ്റിയിരുന്നു. നിയമ പരിരക്ഷ ഇല്ലാതായതോടെയാണ് ദഷ്തിയെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിടുകയായിരുന്നു.
ഇപ്പോൾ വിദേശത്തായ ദഷ്തി മടങ്ങി വന്നാലുടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ ബഹറൈൻ പബ്ലിക് പ്രോസിക്യൂഷൻ ചാർജ് ചെയ്ത കേസിൽ ഇന്റർപോൾ അറസ്റ്റ് എം പി ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഷിയാ വിഭാഗക്കാരനായ അബ്ദുൽ ഹമീദ് ദഷ്തിയുടെ തീവ്ര ഇറാൻ അനുകൂല നിലപാടുകൾ നേരത്തെയും പലതവണ വിവാദമായിരുന്നു .കഴിഞ്ഞ വർഷം മുൻ ഹിസ്ബുള്ള കമാണ്ടർ ഇമാദ് മുഗ്നിയയുടെ പിതാവിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച എം പി അബ്ദുൽ ഹമീദ് ദഷ്തിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പാര്‍ലമെന്റ്റ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.