വികസിപ്പിച്ച എമിറേറ്റ്സ് പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു
എമിറേറ്റ്സ് റോഡിന്റെ പുതുതായി വികസിപ്പിച്ച 16 കിലോമീറ്റര്‍ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു.
എമിറേറ്റ്സ് റോഡിന്റെ പുതുതായി വികസിപ്പിച്ച 16 കിലോമീറ്റര്‍ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഉമ്മുല്‍ഖുവൈനിലെ അല്‍ ഉഖ്റൂന്‍ മുതല്‍ റാസല്‍ഖൈമ ശൈഖ് ഖലീഫ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സമീപം മാര്‍ട്യേഴ്സ് റോഡ് വരെയാണ് പുതിയ പാത.
മുഹമ്മദ് ബിന്‍ റാശിദ് റോഡിന് സമാന്തരമായുള്ള പാതക്ക് ഇരുവശത്തേക്കും രണ്ട് ലെയിനുകള്‍ വീതമാണുള്ളത്. ഹെവി വാഹനങ്ങള്‍ പുതിയ പാതയിലൂടെ തിരിച്ചുവിടുന്നതിലൂടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ തിരക്ക് കുറക്കാന്‍ കഴിയും. യുഎഇ അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമിയാണ് ചൊവ്വാഴ്ച രാവിലെ പാത ഉദ്ഘാടനം ചെയ്തത്. 142 ദശലക്ഷം ദിര്‍ഹം ചെലവില്‍ രണ്ടുവര്‍ഷമെടുത്താണ് പാത പൂര്‍ത്തിയാക്കിയത്. മൂന്നാമതൊരു ലെയിന്‍ കൂടി നിര്‍മിക്കാന്‍ സൗകര്യമുണ്ട്. ട്രക്കുകള്‍ക്കായി രണ്ട് റെസ്റ്റ് ഏരിയകള്‍ പാതയില്‍ ഒരുക്കിയിട്ടുണ്ട്. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവുമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലാണ് പാത നിര്‍മിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. റാസല്‍ഖൈമയിലേക്കുള്ള ട്രക്കുകള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് പുതിയ പാതയിലൂടെ തിരിച്ചുവിടും. റാസല്‍ഖൈമ റിങ് റോഡുമായി പാത പിന്നീട് ബന്ധിപ്പിക്കും.