ദുബൈ ആര്‍.ടി.എ ഡ്രൈവറില്ലാ വാഹനം നിരത്തിലിറക്കി

Update: 2017-01-27 09:13 GMT
Editor : admin
ദുബൈ ആര്‍.ടി.എ ഡ്രൈവറില്ലാ വാഹനം നിരത്തിലിറക്കി
Advertising

2030ഓടെ ദുബൈയിലെ 25 ശതമാനം വാഹനങ്ങളും ഡ്രൈവര്‍ രഹിതമാക്കുമെന്ന്

ദുബൈ ആര്‍ടിഎയുടെ ഡ്രൈവറില്ലാ വാഹനം ആദ്യമായി നഗരത്തിലിറങ്ങി. 2030ഓടെ ദുബൈയിലെ 25 ശതമാനം വാഹനങ്ങളും ഡ്രൈവര്‍ രഹിതമാക്കുമെന്ന് ദുബൈ ഭരണാധികാരി പ്രഖ്യാപിച്ചു. പരീക്ഷണയോട്ടത്തില്‍ ആദ്യ യാത്രികനായി ദുബൈ കിരീടാവകാശിയും വാഹനത്തിലുണ്ടായിരുന്നു.

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച മെന മേഖലാ ഗതാഗത കോണ്‍ഗ്രസിന്റെ ഭാഗമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ രഹിത വാഹനത്തിന്റെ പരീക്ഷണയോട്ടം നടന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമായിരുന്നു വാഹനത്തിലെ ആദ്യ യാത്രികന്‍. ദുബൈയെ സമ്പൂര്‍ണ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക ചുവടുവെപ്പായാണ് ഈ വാഹനത്തെ കണക്കാക്കുന്നത്.

2030ഓടെ ദുബൈയിലെ 25 ശതമാനം വാഹനങ്ങളും ഡ്രൈവര്‍രഹിതമാക്കുമെന്ന് യു.എ.ഇ വൈസ്‍പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിവര്‍ഷം 2200 കോടി ദിര്‍ഹം ലാഭിക്കാന്‍ കഴിയും. ആര്‍.ടി.എയും ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഡ്രൈവര്‍രഹിത വാഹന മേഖലയിലെ ആഗോള മത്സരവും അദ്ദേഹം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓംനിക്സ് ഇന്‍റര്‍നാഷണല്‍, ഈസി മൈല്‍ എന്നീ കമ്പനികള്‍ സംയുക്തമായി നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഈസി 10 എന്നാണ് പേരിട്ടിരിക്കുന്നത്. സര്‍വകലാശാല കാമ്പസുകള്‍, വിമാനത്താവളങ്ങള്‍, വ്യവസായ മേഖലകള്‍ തുടങ്ങിയ ഇടങ്ങളില്‍ ചെറുദൂരത്തേക്കുള്ള ഷട്ടില്‍ സര്‍വീസിനായാണ് ഇത് ഉപയോഗിക്കുക. നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ ഇരുവശത്തേക്കും ഒരുപോലെ സഞ്ചരിക്കാന്‍ വാഹനത്തിന് കഴിയും.

ബാറ്ററി ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ എയര്‍കണ്ടീഷന്‍ സൗകര്യത്തോടെ വാഹനം നാലുമണിക്കൂര്‍ പ്രവര്‍ത്തിക്കും. എ.സി ഇല്ലെങ്കില്‍ 10 മണിക്കൂര്‍ ഓടും. ആറുപേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ആറുപേര്‍ക്ക് നിന്ന് യാത്രചെയ്യാം. സാധാരണഗതിയില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗമുണ്ടാകും. പരമാവധി വേഗം മണിക്കൂറില്‍ 40 കിലോമീറ്ററാണ്. ഭിന്നനശേഷിക്കാര്‍ക്ക് വാഹനത്തില്‍ കയറാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News