ഉത്പാദനം വെട്ടിക്കുറക്കാനുള്ള തീരുമാനത്തിന് പിന്നാലെ എണ്ണവിപണിയില്‍ ഉണര്‍വ്വ്

Update: 2017-01-30 09:01 GMT
Editor : Sithara
ഉത്പാദനം വെട്ടിക്കുറക്കാനുള്ള തീരുമാനത്തിന് പിന്നാലെ എണ്ണവിപണിയില്‍ ഉണര്‍വ്വ്
Advertising

എണ്ണവിപണി കരകയറുന്നതിന്റെ വ്യക്തമായ തെളിവെന്നോണം വിപണിയില്‍ എണ്ണവില ബാരലിന് 52 ഡോളറായി ഉയര്‍ന്നു.

എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിന ഉല്‍പാദനത്തില്‍ 12 ലക്ഷം ബാരല്‍ കുറവ് വരുത്തിയ ഒപെക് തീരുമാനം വിപണിക്ക് പുത്തനുണര്‍വേകി. സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് എണ്ണവിപണി കരകയറുന്നതിന്റെ വ്യക്തമായ തെളിവെന്നോണം വിപണിയില്‍ എണ്ണവില ബാരലിന് 52 ഡോളറായി ഉയര്‍ന്നു.

വിയന്നയില്‍ ചേര്‍ന്ന ഒപെക് അംഗരാജ്യങ്ങളുടെ യോഗമാണ് പ്രതിദിന ഉല്‍പാദനം 3.25 കോടി ബാരലായി നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് എണ്ണവിലയില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അധികം വൈകാതെ ബാരലിന് 60 ഡോളറിലേക്ക് എണ്ണവില ഉയരുമെന്ന പ്രതീക്ഷയിലാണ് ഒപെക് കൂട്ടായ്മ. അതേസമയം ഒപെകിനു പുറത്തുള്ള രാജ്യങ്ങള്‍ കൂടുതല്‍ ഉല്‍പാദനം നടത്തി ലഭ്യമായ അവസരം മുതലെടുക്കുമോ എന്ന ആശങ്കയും ശക്തമാണ്. മറ്റു രാജ്യങ്ങള്‍ ആറ് ലക്ഷം ബാരലിന്റെ കുറവു വരുത്തണമെന്നാണ് ഒപെക് നിര്‍ദേശം. ഇത് അംഗീകരിക്കാമെന്ന് ഒപെക് ഇതര രാജ്യങ്ങള്‍ സമ്മതിച്ചെങ്കിലും പ്രയോഗതലത്തില്‍ ഇത് നടപ്പാകുമോ എന്ന കാര്യം കണ്ടറിയണം.

രാഷ്ട്രീയ ശത്രുതക്കിടയിലും ഇറാന്‍ വാദം അംഗീകരിക്കാന്‍ സൗദി അറേബ്യ സമ്മതം പ്രകടിപ്പിച്ചതാണ് ഒപെക് നിര്‍ണായക തീരുമാനത്തിന് വഴിയൊരുക്കിയത്. കരാര്‍ പ്രകാരം ഇറാന്‍ പഴയതോതില്‍ ഉല്‍പാദനം തുടരും. ഉല്‍പാദനം കുറച്ചാല്‍ സമ്പദ് വ്യവസ്ഥ തകരുമെന്ന ഇറാന്‍ വാദം യോഗം അംഗീകരിക്കുകയായിരുന്നു.

എണ്ണവില തകര്‍ച്ച തുടര്‍ന്നാല്‍ കൂടുതല്‍ കടുത്ത സാമ്പത്തിക നിയന്ത്രണ നടപടികള്‍ വേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. സര്‍ക്കാര്‍ വക ജോലികള്‍ക്കുള്ള റിക്രൂട്ട്മെന്‍റ് നിയന്ത്രണം, ശമ്പളം വെട്ടിക്കുറക്കല്‍ എന്നിവക്കും ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ഒപെക് തീരുമാനത്തോടെ ഇല്ലാതായിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കംഉപേക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഐഎംഎഫ് ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News