മധ്യാഹ്ന വിശ്രമം: നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ഒമാന്‍
കഴിഞ്ഞ രണ്ടാഴ്ചകളിലായി നടത്തിയ പരിശോധനയില്‍ 97 നിയമലംഘകരെ കണ്ടെത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
വേനല്‍ചൂട് കടുത്തതോടെ ഒമാനില്‍ മധ്യാഹ്നവിശ്രമ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ടാഴ്ചകളിലായി നടത്തിയ പരിശോധനയില്‍ 97 നിയമലംഘകരെ കണ്ടെത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങള്‍ ശ്രദ്ധേയില്‍ പെടുന്നവര്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി 711 കമ്പനികളിലാണ് നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ പരിശോധന നടന്നത്. ആദ്യ ഒരാഴ്ചയില്‍ 125 സ്ഥലങ്ങളിലായി പതിനാറോളം നിയമലംഘകരെ കണ്ടെത്തിയിരുന്നു. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 3.30 വരെ വരെ വിശ്രമം നല്‍കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് നൂറ് മുതല്‍ 500 റിയാല്‍ വരെയാണ് പിഴ. അല്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കണം. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് രണ്ട് ശിക്ഷ ഒരുമിച്ചും ലഭിക്കാം. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്.
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസാണ് ശരാശരി താപനില. ഈ വര്‍ഷം ചൂട് കൂടാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വേനലില്‍ പുറംജോലി ചെയ്യുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. സൂര്യാഘാതമേല്‍ക്കാതിരിക്കാനും ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാനും മുന്‍കരുതലുകള്‍ എടുക്കണമെന്നും നോമ്പെടുക്കുന്നവര്‍ രാത്രി ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
മധ്യാഹ്ന വിശ്രമം കര്‍ശനമായി നടപ്പാക്കണമെന്നും പ്രഥമശുശ്രൂഷാ സാമഗ്രികള്‍, വിശ്രമസ്ഥലം എന്നിവ സജ്ജീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ പല കമ്പനികളും ഇതൊന്നും പാലിക്കു ന്നില്ലെന്ന് ആക്ഷേപമുണ്ട്.
നിയമ ലംഘനങ്ങള്‍ ശ്രദ്ധേയില്‍ പെടുന്നവര്‍ 80077000 എന്ന നമ്പറില്‍ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.