കുവൈത്ത് വിമാനത്താവളത്തിന്റെ ടെർമിനൽ നവീകരണം 4 വർഷം കൊണ്ട് പൂർത്തിയാക്കും

Update: 2017-03-01 01:36 GMT
Editor : Jaisy
കുവൈത്ത് വിമാനത്താവളത്തിന്റെ ടെർമിനൽ നവീകരണം 4 വർഷം കൊണ്ട് പൂർത്തിയാക്കും
Advertising

ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ തുര്‍ക്കി വികസനകാര്യ മന്ത്രി ലുത്ഫി അല്‍വാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്

Full View

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ നവീകരണം നാല് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് ആസൂത്രണ വികസന കാര്യ മന്ത്രി ഹിന്ദ് അൽ സബീഹ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ തുര്‍ക്കി വികസനകാര്യ മന്ത്രി ലുത്ഫി അല്‍വാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . തുർക്കി ആസ്ഥാനമായ ലിമാക് കൺസ്ട്രക്ഷൻസിനാണ് പുതിയ ടെർമിനലിന്റെ നിർമാണ ചുമതല.

ആറ് വർഷത്തിനുള്ളിൽ വിമാനത്താവള വികസനം പൂര്‍ത്തിയാക്കണം എന്നായിരുന്നു ലിമാക് കമ്പനിയും കുവൈത്ത് സർക്കാറും തമ്മിലുള്ള കരാർ പുതിയ യാത്രാ ടെര്‍മിനലിന്റെ സ്ഥലം ഏറ്റെടുക്കലുള്‍പ്പെടെ നടപടിക്രമങ്ങൾ പ്രതീക്ഷിക്കാത്ത വേഗത്തിൽ പൂർത്തിയായ സ്ഥിതിക്കാണ് നാല് വര്‍ഷം കൊണ്ട് തന്നെ സര്‍വിസുകള്‍ ആരംഭിക്കാവുന്ന തരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതർ സർക്കാരിനെ അറിയിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതിയുടെ നിര്‍മാണത്തിൽ തുർക്കി കമ്പനിക്കു നൽകിയതിൽ കുവൈത്തിന് നന്ദി പറഞ്ഞ തുര്‍ക്കി മന്ത്രി ഭാവിയില്‍ പൂര്‍ത്തിയാക്കേണ്ട മറ്റ് വന്‍കിട പദ്ധതികളിലും തുര്‍ക്കി കമ്പനികളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ലാത്ത പദ്ധതികളില്‍ തുർക്കി കമ്പനികള്‍ക്ക് നിക്ഷേപത്തിനു അവസരം നല്‍കണമെന്ന ലുത്ഫി അല്‍വാന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി ഹിന്ദ് സബീഹ് പറഞ്ഞു. നിര്‍ദ്ദിഷ്ട വിമാനത്താവള നവീകരണ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ മൊത്തം 150 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ വികസന പദ്ധതികളാണ് ഉടന്‍ രാജ്യത്ത് പൂര്‍ത്തിയാക്കാനുള്ളത്. ബൂബ്യാന്‍ ദീപ് വികസനം, റയില്‍വേ, മെട്രോ , ജാബിര്‍ പാലം, മുബാറക് തുറമുഖം, ജാബിര്‍ ആശുപത്രി, സബാഹ് അല്‍ സാലിം യൂനിവേഴ്സിറ്റി തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ . ഇവയിൽ ജാബിർ ആശുപത്രിയടക്കമുള്ളവ നിർമാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News