സൌദിയില്‍ സ്വദേശികളുടെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് പ്രായോഗിക നടപടിയെടുക്കണമെന്ന് ശൂറ കൗണ്‍സില്‍
സ്ത്രീകള്‍ക്കിടയിലാണ് ദാരിദ്ര്യം കൂടുതലുള്ളതെന്ന് ശൂറ കൗണ്‍സില്‍ ഉപസമിതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ശൂറയിലെ വനിത അംഗങ്ങള്‍ പരിഹാര നിര്‍ദേശവുമായി മുന്നോട്ടുവന്നത്.
സൗദിയിലെ കുറഞ്ഞ വരുമാനക്കാരായ സ്വദേശികളുടെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് പ്രായോഗിക നടപടി കൈകൊള്ളണമെന്ന് ശൂറ കൗണ്‍സില്‍ ആവശ്യം. സ്ത്രീകള്‍ക്കിടയിലാണ് ദാരിദ്ര്യം കൂടുതലുള്ളതെന്ന് ശൂറ കൗണ്‍സില്‍ ഉപസമിതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ശൂറയിലെ വനിത അംഗങ്ങള്‍ പരിഹാര നിര്‍ദേശവുമായി മുന്നോട്ടുവന്നത്.
സ്വദേശികള്‍ക്കിടയിലെ ദാരിദ്ര്യ നിലവാരത്തെക്കുറിച്ച് പഠനം നടത്തിയ ഉപസമിതിയംഗം സഈദ് ശൈഖ് സൗദി സ്ത്രീകള്‍ക്കിടയിലാണ് ദാരിദ്ര്യം കൂടുതലുള്ളതെന്ന് കണ്ടത്തെിയിരുന്നു. സൗദി സ്ത്രീകള്‍ ദരിദ്രരാണെന്ന പഠന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോട‌് പരുഷമായാണ് വനിത അംഗമായ ഡോ. ഹാനി ഖാശഖജി പ്രതികരിച്ചത്. ഇതിനുള്ള പരിഹാര നടപടികള്‍ ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു. സേവിങ് ബാങ്ക് അക്കൗണ്ട് സജീവമാക്കുന്നതിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഉപസമിതി പരിഹാരം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കുറഞ്ഞ വരുമാനക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സ്വദേശികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ സേവിങ് അക്കൗണ്ടില്‍ നിക്ഷേപിക്കാനോ ഒന്നും ബാക്കി വെക്കാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്.
മറിച്ച് കുറഞ്ഞ വരുമാനക്കാര്‍ ബാങ്ക് ലോണുകളിലൂടെയാണ് തങ്ങളുടെ ജീവിത ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതെന്നും ഡോ. ഹാനി പറഞ്ഞു. അതിനാല്‍ ഉപകമ്മിറ്റിയുടെ പരിഹാര നിര്‍ദേശം സ്വീകാര്യമോ പ്രായോഗികമോ അല്ലെന്നും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് പ്രശ്നത്തിന്റെ അടിവേരറുത്ത പരിഹാരം അനിവാര്യമാണെന്നും ഡോ. ഹാനി കൂട്ടിച്ചേര്‍ത്തു. വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രായോഗികമായ പഠനം നടത്തണമെന്ന് ഡോ. ഹയാത്ത് സിന്ധി അഭിപ്രായപ്പെട്ടു.