ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ സൌദിക്ക് ജയം
യുഎഇയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകര്‍ത്തു
ജിദ്ദയില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ സൗദി അറേബ്യ യുഎഇയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകര്‍ത്തു. ഇതോടെ പത്ത് പോയന്റുമായി ഗ്രൂപ്പ് ബിയില്‍ സൗദി ഒന്നാമതായി.
ജിദ്ദയിലെ കിംങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ ആര്‍ത്തുവിളിച്ച സ്വന്തം കാണികളുടെ മുന്നില്‍ ആവേശകരമായ വിജയമാണ് സൌദി നേടിയത്. യോഗ്യതാ റൌണ്ടില്‍ നാലാം മത്സരത്തിനങ്ങിയ അയല്‍ രാജ്യങ്ങള്‍ക്ക് ആദ്യ പകുതകിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കില്‍ ഗോളുകളൊന്നും നേടാനായില്ല. രണ്ടാം പകുതിയില്‍ എഴുപത്തി മൂന്നാം മിനുട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. സൌദിക്ക് വേണ്ടി ഫഹദ് അല്‍ മുവല്ലദ് ലക്ഷ്യം കണ്ടു. തൊട്ടുടനെ എഴുപത്തി ഒന്‍പതാം മിനുട്ടില്‍ നവാഫ് അല്‍ ആബിദ് സൌദിയുടെ ലീഡ് ഉയര്‍ത്തി.
കളി അവസാനിക്കാന്‍ മിനുട്ടുകള്‍ അവശേഷിക്കെ യഹ്യ അല്‍ ശഹ്രിയാണ് സൌദിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. പെനാല്‍ട്ടി ബോക്സിന് തെട്ടടുത്ത് യഹ്യയെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് ഗോളിയെയും കടന്ന് വലയിലേക്ക്. ജയത്തോടെ പത്ത് പോയന്റുമായി സൌദി ഒന്നാം സ്ഥാനത്തെത്തി. എട്ട് പോയന്റോടെ ആസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ആറ് പോയന്റോടെ യു.എ.ഇ നാലാം സ്ഥാനത്താണ്. ഇതോടെ ലോകകപ്പിനുള്ള യുഎഇയുടെ സാധ്യത പരുങ്ങലായായി.