വായന പ്രോത്സാഹിപ്പിക്കാന്‍ ദേശീയ നിയമവുമായി യുഎഇ

Update: 2017-05-04 14:51 GMT
വായന പ്രോത്സാഹിപ്പിക്കാന്‍ ദേശീയ നിയമവുമായി യുഎഇ
Advertising

അറബ് മേഖലയില്‍ ആദ്യമായാണ് ഒരു രാജ്യം വായനക്കായി പ്രത്യേക നിയമം പ്രഖ്യാപിക്കുന്നത്.

വായന പ്രോത്സാഹിപ്പിക്കാന്‍ ദേശീയ നിയമം പ്രഖ്യാപിച്ച് യുഎഇ സാംസ്കാരിക ഭൂപടത്തില്‍ പുതിയ ചരിത്രം കുറിച്ചു. അറബ് മേഖലയില്‍ ആദ്യമായാണ് ഒരു രാജ്യം വായനക്കായി പ്രത്യേക നിയമം പ്രഖ്യാപിക്കുന്നത്. നവജാതശിശുക്കളെ മുതല്‍ തൊഴിലാളികളെ വരെ അക്ഷര ലോകത്തേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ വായനാ നിയമം.

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് വായനക്കായുള്ള ദേശീയ നിയമം പ്രഖ്യാപിച്ചത്. പിന്നീട് നിയമത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ പുറത്തുവിട്ടു. പുതിയ നിയമം പുസ്തകങ്ങളുടെ അച്ചടി, പ്രസാധനം, വിതരണം എന്നിവയെ എല്ലാവിധ നികുതിയില്‍ നിന്നും ഫീസുകളില്‍ നിന്നും ഒഴിവാക്കും. രാജ്യത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനെയും ചെറുപ്രായത്തില്‍ തന്നെ വായനയുടെ ലോകത്തേക്ക് എത്തിക്കാന്‍ അവര്‍ക്ക് നോളജ് ബ്രീഫ് കേസുകള്‍ സമ്മാനിക്കും. ജീവനക്കാര്‍ക്ക് ജോലി സമയത്ത് പോലും വായനക്കായി പ്രത്യേകസമയം നീക്കി വെക്കാന്‍ പുതിയ നിയമം അനുമതി നല്‍കുന്നു. എഴുത്തുകാര്‍ക്കും, എഡിറ്റര്‍മാര്‍ക്കും, പ്രസാധകര്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കും.

ലൈബ്രറികള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയില്‍ മുതല്‍ മുടക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. ഒപ്പം ഇത്തരം സംരംഭങ്ങള്‍ക്ക് ഇളവുകളും നല്‍കും. വായന പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ ഫണ്ടിന് രൂപം നല്‍കും. കോഫി ഷോപ്പുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നിയമം അനുശാസിക്കുന്നു. വരും തലമുറക്കായി ഒരു സുസ്ഥിര സാംസ്കാരിക മാറ്റത്തിനുള്ള ആരംഭമാണ് ഈ വര്‍ഷം വായനാ നിയമത്തിലൂടെ തുടക്കം കുറിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. മുന്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത നീക്കമാണ് വായനക്കും വിജ്ഞാനത്തിനുമായി യുഎഇ സര്‍ക്കാര്‍ നടത്തിയതെന്ന് സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിച്ചു.

Tags:    

Similar News