ഫ്ലാറ്റുകളിലെ സ്‍കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സൌദി
ഫ്ലാറ്റുകളില്‍ നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം.
ഫ്ലാറ്റുകളില്‍ നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ മേഖലയിലെ നിരവധി അന്തരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താമസത്തിനു മാത്രം സൌകര്യമുള്ള ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സ്കൂള്‍ നടത്തുന്നത് കര്‍ശനമായി നിരോധിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇതില്‍ നിന്ന് മാറി സ്കൂളിനു യോഗ്യമായ കെട്ടിടത്തിലേക്ക് മാറണം. അല്ലാത്ത പക്ഷം കടുത്ത നടപടി ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിപ്പിച്ച ഉത്തരവില്‍ പറഞ്ഞു.
നിലവിലെ പല കെട്ടിടങ്ങളും സ്കൂളിന് യോഗ്യമായതല്ല. ഇത്തരം കെട്ടിടങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരുമല്ല. പ്രാദേശിക മുന്‍സിപാലിറ്റികള്‍ അംഗീകരിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ മാത്രമേ സ്കൂള്‍ നടത്താവു എന്നും മന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചു എങ്കിലും, ഉടനെ നടപടി എടുക്കാതെ പുതിയ യോഗ്യതയുള്ള കെട്ടിടത്തിലേക്ക് മാറാനുള്ള സാവകാശം കൊടുക്കുകയായിരുന്നു. ഇനി ഇളവുണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്രത്യേക കെട്ടിട നിര്‍മാണ നിയമം വിദ്യാഭ്യാസ നഗരകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്, ആ മാനദണ്ഡം പാലിച്ചുള്ള കെട്ടിടങ്ങളില്‍ മാത്രമേ ഇനി സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളു. അല്ലാത്ത സ്കൂളുകളുടെ അംഗീകാരം റദാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ നിയമം ഇന്ത്യന്‍ സ്കൂള്‍ പോലെയുള്ള വിദേശ പാഠ്യ പദ്ധതി പഠിപ്പിക്കുന്ന സ്കൂളുകള്‍ക്കും ഇത് ബാധകമായിരിക്കും. നിലവില്‍ വില്ലകളില്‍ നടന്നുകൊണ്ടിരിക്കുന്ന ക്ളാസുകള്‍ ഉടനെ യോഗ്യതയുള്ള കെട്ടിടങ്ങളിലേക്ക് മാറ്റണം, അല്ലാത്ത പക്ഷം നിയമ നടപടിക്ക് വിധേയമാവേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.