കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയില്‍ താമസിച്ചാല്‍ വിദേശി ബാച്ച് ലര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കും
കഴിഞ്ഞവര്‍ഷം മുതലാണ് സ്വദേശി കുടുംബ മേഖലകളില്‍ താമസിക്കുന്ന ബാച്‌ലര്‍മാര്‍ക്കെതിരെ അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.
കുവൈത്തില്‍ സ്വദേശികള്‍ക്ക് മാത്രമായുള്ള പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന വിദേശി ബാച്ച് ലര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ മുന്നറിയിപ്പ് നല്കി. സിവില്‍ ഐഡി മേല്‍വിലാസം മന്ത്രിസഭയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പാസി ഡയറക്ടര്‍ മുസാഇദ് അല്‍ അസൂസി പറഞ്ഞു.
സ്വദേശി കുടുംബ മേഖലകളില്‍ വിദേശികള്‍ കുടുംബമില്ലാതെ താമസിക്കുന്ന കെട്ടിടങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രക്രിയ തുടരുകയാണെന്നും ഇവ പൂര്‍ത്തിയാക്കുന്ന മുറക്ക് സിവില്‍ ഐഡി റദ്ദാക്കുന്ന നടപടികള്‍ തുടങ്ങുമെന്നും പാസി ഡയറക്ടര്‍ വ്യക്തമാക്കി. നേരത്തേ ഇത്തരം സ്ഥലങ്ങളില്‍ താമസിച്ചവര്‍ പിന്നീട് താമസം മാറുമ്പോള്‍ മേല്‍വിലാസം മാറ്റിയില്ലെങ്കില്‍ ബത്താക മദനി (സിവില്‍ ഐഡി കാര്‍ഡ്) നഷ്ടമാകുമെന്നും അല്‍അസൂസി മുന്നറിയിപ്പ് നല്‍കി.
സ്വദേശികള്‍ക്കു വേണ്ടിയുള്ള കുടുംബ പാര്‍പ്പിട മേഖലകളില്‍ വിദേശി ബാച്‌ലര്‍മാര്‍ക്ക് താമസമൊരുക്കുന്നതിനു പുറമേ സ്വദേശി വീടുകളോട് ചേര്‍ന്ന് ഗ്രോസറി, കഫറ്റീരിയ തുടങ്ങിയ വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും നിയമവിരുദ്ധമാണ്. ഇതുപലപ്പോഴും പൊതുസുരക്ഷക്ക് വിഘാതമാവുകയും പല തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കും നിമിത്തമാകുകയും ചെയ്യുന്നുവെന്നാണ് അധികൃതരുടെ ഭാഷ്യം. കഴിഞ്ഞവര്‍ഷം മുതലാണ് സ്വദേശി കുടുംബ മേഖലകളില്‍ താമസിക്കുന്ന ബാച്‌ലര്‍മാര്‍ക്കെതിരെ അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്. വിദേശി ബാച്‌ലര്‍മാരുടെ സാന്നിധ്യം മന്തക്കകളില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി ബാച്ചലര്‍മാരെ പിടികൂടുന്നതിനായി പാര്പ്പിട മേഖലകള്‍ കേന്ദ്രീകരിച്ചു പരിശോധനാ കാമ്പയിന്‍ നടത്തിയിരുന്നു. കുടുംബ താമസ മേഖലകളില്‍ താമസിക്കുന്ന ബാച്‌ലര്‍മാരില്‍ നിന്നും അതിന് ഒത്താശ ചെയ്യുന്ന കെട്ടിട ഉടമകളില്‍ നിന്നും 10,000 ദീനാര്‍ വീതം പിഴ ഈടാക്കുന്ന നിയമത്തിനും മാസങ്ങള്‍ക്ക് മുന്പ് മുനിസിപ്പല്‍ കൗണ്‍സിലും മന്ത്രിസഭയും അംഗീകാരം നല്‍കിയിരുന്നു.