മധ്യാഹ്ന ഇടവേള നിയമം വന്‍ വിജയമെന്ന് യുഎഇ അധികൃതര്‍
66,302 കമ്പനികളില്‍ നടത്തിയ പരിശോധനയില്‍ വെറും 187 കമ്പനികള്‍ മാത്രമാണ് നിയമം ലംഘിച്ചതായി കണ്ടത്തെിയത്.
ഈ മാസം 15ന് സമാപിച്ച മധ്യാഹ്ന ഇടവേള നിയമം വന്‍ വിജയമായിരുന്നുവെന്ന് യുഎഇ അധികൃതര്‍. തുച്ഛമായ സ്ഥാപനങ്ങളൊഴിച്ച് രാജ്യത്തെ മുഴുവന്‍ കമ്പനികളും ഉച്ചവിശ്രമ നിയമം പൂര്‍ണമായി പാലിച്ചു. 66,302 കമ്പനികളില്‍ നടത്തിയ പരിശോധനയില്‍ വെറും 187 കമ്പനികള്‍ മാത്രമാണ് നിയമം ലംഘിച്ചതായി കണ്ടത്തെിയത്.
രാജ്യത്തെ ഭൂരിഭാഗം കമ്പനികളും നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിച്ചതായാണ് മന്ത്രാലയം കണക്കാക്കുന്നത്. കടുത്ത വേനലില്‍ തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് മന്ത്രാലയം തൊഴിലാളികള്‍ക്ക് നിയമം മൂലം ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. ഈ കാലയളവില്‍ ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ വെയിലത്ത് ജോലി ചെയ്യക്കരുതെന്നായിരുന്നു കമ്പനികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. തുടര്‍ച്ചയായ 12മത് വര്‍ഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തുന്നത്.
മന്ത്രാലയം നടത്തിയ 66,302 പരിശോധനകളില്‍ 13,569 എണ്ണം ദുബൈയിലായിരുന്നു. നിയമം സംബന്ധിച്ച ബോധവത്കരണത്തിന് രാജ്യത്തൊട്ടാകെ 32,974 സന്ദര്‍ശനങ്ങളും മന്ത്രാലയം സംഘടിപ്പിച്ചു. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് കടുത്ത പിഴയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിയമം ലംഘിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ 5000 ദിര്‍ഹമായിരുന്നു പിഴ. കൂടുതല്‍ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ചാല്‍ പരമാവധി 50,000 ദിര്‍ഹം വരെ ചുമത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിര്‍ത്തിവെക്കാന്‍ പറ്റാത്ത തരത്തിലുള്ള ജോലികള്‍ക്ക്, തൊഴിലാളികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു.
നിയമലംഘനം തടയാന്‍ മന്ത്രാലയത്തില്‍നിന്നുള്ള 18 സംഘങ്ങളാണ് പരിശോധന നടത്തിയിരുന്നത്. ദുബൈയില്‍ നാല്, അബൂദബിയില്‍ മൂന്ന്, ഉമ്മുല്‍ ഖുവൈനില്‍ ഒന്ന്, ഷാര്‍ജ, അല്‍ഐന്‍, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ രണ്ട് വീതം സംഘങ്ങളെയായിരുന്നു നിയോഗിച്ചിരുന്നത്.