അഞ്ച് വര്‍ഷത്തിനകം 15,000 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുമെന്ന് യുഎഇ
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം ആല്‍ ഹാഷിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്
അഞ്ച് വര്‍ഷത്തിനകം 15,000 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎന്‍ ആസ്ഥാനത്ത് അഭയാര്‍ഥി വിഷയത്തില്‍ നടന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം ആല്‍ ഹാഷിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സിറിയന്‍ പ്രതിസന്ധി തുടങ്ങുന്നതിന് മുമ്പ് തന്നെ 115,000 സിറിയക്കാര്‍ യു.എ.ഇയില്‍ ജീവിച്ച് ജോലിയെടുത്തിരുന്നു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ സാധ്യമായതൊക്കെ ചെയ്യുമെന്ന് മന്ത്രി റിം ബിന്‍ത് ഇബ്രാഹിം ആല്‍ ഹാഷ്മി പറഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ട് സിറിയന്‍ അഭയാര്‍ഥിളെ പിന്തുണക്കാനായി യു.എ.ഇ വന്‍തുക തന്നെ ചെലവിട്ടു. അഭയാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മാത്രം നിവര്‍ത്തിച്ചാല്‍ പോര. അവരുടെ അഭിമാനം സംരക്ഷിക്കുകയും ഭാവിയെ കുറിച്ച് അവര്‍ക്ക് പ്രതീക്ഷ നല്‍കുകയും വേണം. ജോര്‍ദാന്‍, വടക്കന്‍ ഇറാഖ്, ഗ്രീസ് എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ യുഎഇ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുകയും അടിസ്ഥാന ആരോഗ്യ സംവിധാനവും താമസസൗകര്യവും ഒരുക്കുകയും ചെയ്തിട്ടുണ്ട്. പുനരധിവാസം, വിദ്യാഭ്യാസം, പരിശീലനം, മാനസികരോഗങ്ങള്‍ക്ക് ശുശ്രൂഷ തുടങ്ങി അഭയാര്‍ഥികളുടെ അവഗണിക്കപ്പെട്ടുപോയ ആവശ്യങ്ങള്‍ പരിഹരിക്കാനും യുഎഇ നീക്കം നടത്തുന്നു.
അഭയാര്‍ഥികളുടെ പ്രശ്നം മിഡിലീസ്റ്റിന്റെ മാത്രം പ്രശ്നമല്ല. ഇതൊരു ആഗോള പ്രതിഭാസമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവണം. ആഗോള അഭയാര്‍ഥി പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദവും ഒത്തൊരുമിച്ചുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ഥതയോടെ യുഎഇ പങ്കാളിത്തം വഹിക്കുമെന്നും റീം ബിന്‍ത് ഇബ്രാഹിം ആല്‍ ഹാഷിമി പറഞ്ഞു. സമ്മേളനം സംഘടിപ്പിച്ചതിന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമക്ക് യുഎഇ പ്രത്യേകം നന്ദി പ്രകടിപ്പിച്ചു.