ഒമാനില്‍ കണ്ടെത്തിയ രണ്ടു വയസുകാരിയെ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റി
രക്ഷാകര്‍ത്താക്കളെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കുട്ടിയെ മസ്‌ക്കറ്റിലെ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയത്...
ഒമാനിലെ ബുറൈമി പ്രവിശ്യയില്‍ നിന്നും ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസ്സുകാരിയായ സ്വദേശി പെണ്‍കുട്ടിയെ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. രക്ഷാകര്‍ത്താക്കളെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കുട്ടിയെ മസ്‌ക്കറ്റിലെ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് ബുറൈമി പ്രവിശ്യയിലെ പബ്ലിക് പാര്‍ക്കില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആദ്യം കണ്ട സ്വദേശി യുവതിയാണ് വിവരം പോലീസില്‍ അറിയിച്ചത്. കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ശ്രമം ഊര്‍ജിതമാക്കിയിരുന്നു. കുട്ടിക്കായി കളിപ്പാട്ടങ്ങളും ഭക്ഷണവും വസ്ത്രങ്ങളും നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു പലരും മുന്നോട്ട് വന്നിട്ടുണ്ട്.
കുട്ടിയുടെ ചിത്രമടങ്ങുന്ന സന്ദേശങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപെടുന്നുണ്ടെന്നും കുട്ടിയെ തേടി രക്ഷകര്‍ത്താക്കള്‍ വരുമെന്ന പ്രതീക്ഷയിലാണെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ രക്ഷകര്‍ത്താക്കളെ കണ്ടത്തൊന്‍ കഴിയാത്ത പക്ഷം ഉടന്‍ ദത്ത് നല്‍കാന്‍ പദ്ധതിയില്ലെന്നും ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ദത്ത് നല്‍കുകയുള്ളൂവെന്നും സാമൂഹികക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിനിടെ കുട്ടിയുടെ രക്ഷകര്‍ത്താക്കളെ കണ്ടത്തെുന്നവര്‍ക്ക് ആയിരം റിയാല്‍ പാരിതോഷികമായി നല്‍കുമെന്ന് ഒമാന്‍ പൗരന്‍, സാമൂഹിക മാധ്യമങ്ങളിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്.