വിദേശികൾക്ക് താമസാനുമതി; പുനർവിചിന്തനം ആവശ്യമെന്നു കുവൈത്ത് എംപി
ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള 13 ലക്ഷത്തോളം വിദേശികൾ മിഡിൽ ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണെന്നും അൽ റായി പത്രത്തിനനുവദിച്ച അഭിമുഖത്തിൽ എം പി പറഞ്ഞു
വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ വൈദഗ്ധ്യവും ഇല്ലാത്ത വിദേശികൾക്ക് താമസാനുമതി നൽകുന്ന കാര്യത്തിൽ പുനർവിചിന്തനം ആവശ്യമെന്നു കുവൈത്ത് പാർലമെന്റ് അംഗം ഡോ . അബ്ദുൽ റഹിമാൻ അൽ ജീറാൻ. ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള 13 ലക്ഷത്തോളം വിദേശികൾ മിഡിൽ ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണെന്നും അൽ റായി പത്രത്തിനനുവദിച്ച അഭിമുഖത്തിൽ എം പി പറഞ്ഞു .
തൊഴില്‍ വിപണിയിലെ പുനഃക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് പാർലമെന്റ് അംഗം ഇക്കാര്യം പറഞ്ഞത് . രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ സമൂഹമായ ഇന്ത്യക്കാരില്‍ എട്ട് ലക്ഷത്തിന്റെയും ഈജിപ്ത്, സിറിയ ഉള്‍പ്പെടെയുള്ള അറബ് വംശജരിൽ അഞ്ച് ലക്ഷത്തിന്റെയും വിദ്യാഭ്യാസ നിലവാരം മിഡില്‍ ക്ലാസിനും താഴെയാണെന്നു പറഞ്ഞ എം.പി വികസന പാതയിൽ മുന്നേറുന്ന ഒരു രാജ്യത്ത് ഇത്രയധികം അവിദഗ്ധ തൊഴിലാളികൾ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ പുനരാലോചന ആവശ്യമാണെന്നും കൂട്ടിക്കിച്ചേർത്തു. രാജ്യത്തു നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്കായി വിദേശങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ തൊഴില്‍ പരിചയമുള്ളവർക്കും വിദഗ്ധര്‍ക്കും ആണ് പ്രാധാന്യം നല്‍കേണ്ടത് റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശികള്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്ന കാര്യത്തില്‍ തൊഴിലുടമകളുടെ ശ്രദ്ധയുണ്ടാവണമെന്നും ഡോ. അബ്ദുറഹിമാന്‍ അല്‍ ജീറാന്‍ കൂട്ടിച്ചേര്‍ത്തു. മെട്രോ റെയിൽ അടക്കമുള്ള വികസന പദ്ധതികൾക്കായി വിദേശ രാജ്യങ്ങളിൽ നിന്ന് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടി വരുമെന്ന് കുവൈത്ത് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു .