അറബ് ലീഗ് ഉച്ചകോടിയില്‍ കുവൈത്തിന് വിദേശകാര്യമന്ത്രിമാരുടെ അഭിനന്ദനം

Update: 2017-06-02 01:01 GMT
Editor : Alwyn K Jose
അറബ് ലീഗ് ഉച്ചകോടിയില്‍ കുവൈത്തിന് വിദേശകാര്യമന്ത്രിമാരുടെ അഭിനന്ദനം
Advertising

മൗറിത്താനിയയില്‍ നടക്കുന്ന 27 മത് അറബ് ലീഗ് ഉച്ചകോടിയില്‍ കുവൈത്തിനും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനും അറബ് വിദേശകാര്യ മന്ത്രിമാരുടെ അഭിനന്ദനം

മൗറിത്താനിയയില്‍ നടക്കുന്ന 27 മത് അറബ് ലീഗ് ഉച്ചകോടിയില്‍ കുവൈത്തിനും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനും അറബ് വിദേശകാര്യ മന്ത്രിമാരുടെ അഭിനന്ദനം. ലോകതലത്തില്‍ പൊതുവിലും അറബ് മേഖലയില്‍ പ്രത്യേകിച്ചും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കുന്നതില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നേതൃത്വത്തില്‍ കുവൈത്ത് കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണെന്ന് അറബ് ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അറബ് ലീഗ് ഉച്ചകോടിയുടെ ഭാഗമായി പ്രത്യേക പ്രമേയം പാസാക്കിയാണ് അമീറിനെയും കുവൈത്തിനെയും പ്രശംസിച്ചത്. ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധക്കെടുതികളും കാരണം ദുരിതത്തിലായ സിറിയന്‍ ജനതയെ സഹായിക്കുന്നതിന് യു.എന്‍ ആഭിമുഖ്യത്തില്‍ നടന്ന നാല് ഉച്ചകോടികളിലും നിര്‍ണായക പങ്കാണ് കുവൈത്ത് വഹിച്ചത്. 2013, 2014, 2015 വര്‍ഷങ്ങളില്‍ നടന്ന മൂന്ന് സിറിയന്‍ സഹായ ഉച്ചകോടികള്‍ക്കും അമീറിന്റെ പ്രത്യേക താല്‍പര്യപ്രകാരം കുവൈത്താണ് ആതിഥ്യം വഹിച്ചത്. ഈ വര്‍ഷം ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനില്‍ നടന്ന നാലാമത് സിറിയന്‍ സഹായ ഉച്ചകോടിയിലും നേതൃപരമായ ഇടപെടലാണ് കുവൈത്ത് നടത്തിയത്. പുതിയ കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയ സിറിയന്‍ സംഘര്‍ഷവും അഭയാര്‍ഥികളുടെ പ്രശ്നങ്ങളും മാനുഷിക പരിഗണനയോടെ സമീപിക്കുകയായിരുന്നു അമീറും കുവൈത്തും ചെയ്തെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

സിറിയയെ സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നവര്‍ക്കുവേണ്ടി സംഘടിപ്പിച്ച കഴിഞ്ഞ നാല് ഉച്ചകോടികളിലുമായി മൊത്തം 1.6 ബില്യന്‍ ഡോളറാണ് കുവൈത്ത് സംഭാവന നല്‍കിയത്. ഉച്ചകോടികള്‍ക്ക് വേദിയൊരുക്കിയതിന് പുറമെ വന്‍തുക സഹായം പ്രഖ്യാപിക്കാനും കുവൈത്ത് കാണിച്ച താല്‍പര്യം ലോകം അംഗീകരിച്ചതാണ്. വിരോധത്തില്‍ കഴിയുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിലും പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിനും കുവൈത്ത് ശ്രമം നടത്തുന്നുണ്ട്. പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങളെ രാജ്യത്തെത്തിച്ച് ഒരു മേശക്ക് ചുറ്റുമിരുത്തി യമനില്‍ സമാധാനം സ്ഥാപിക്കാന്‍ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെയും അറബ് ലീഗ് സമ്മേളനം അഭിനന്ദിച്ചു. ആഭ്യന്തര യുദ്ധങ്ങള്‍ മൂലം ദാരിദ്ര്യത്തിലായ സോമാലിയയില്‍ കുവൈത്ത് നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങളും ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ എടുത്ത് പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News