യുഎഇ ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നു
തിരിച്ചടക്കാത്ത വായ്പകള്‍ പിരിച്ചെടുക്കാന്‍ ശാസ്ത്രീയമായ ഡെബ്റ്റ് കളക്ഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ കൂടുതല്‍ പണം ചെലവിടേണ്ടി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎഇ ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നു. തിരിച്ചടക്കാത്ത വായ്പകള്‍ പിരിച്ചെടുക്കാന്‍ ശാസ്ത്രീയമായ ഡെബ്റ്റ് കളക്ഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ കൂടുതല്‍ പണം ചെലവിടേണ്ടി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈവര്‍ഷം ആദ്യപാദത്തിലാണ് യുഎഇയിലെ ബാങ്കുകളില്‍ കിട്ടാകടത്തിന്റെ എണ്ണം വര്‍ധിച്ചത്. എണ്ണവിലയിടിവും തുടര്‍ന്നുണ്ടായ സാമ്പത്തികപ്രതിസന്ധിയും ഇതിന് ആക്കം കൂട്ടിയതായി അബൂദബിയിലെ ദി നാഷണല്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുകിട സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയ വായ്പകളിലാണ് തിരിച്ചടവ് ഏറെയും മുടങ്ങിയിരിക്കുന്നത്. വായ്പകള്‍ പിരിച്ചെടുക്കുന്നതിന് ശാസ്ത്രീയമായ ഡെബ്റ്റ് കളക്ഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ബാങ്കുകള്‍. വായ്പ തിരിച്ചടവ് വൈകുന്നത് മുതല്‍ ലോണടുത്തവരുമായി ആശയവിനിമയം നടത്താനും അവരില്‍ നിന്ന് വായ്പാതുക പിരിച്ചെടുക്കാനുമുള്ള വഴികളുമാണ് ഡെബ്റ്റ് കളക്ഷന്‍ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യുക.
യുഎഇ ബാങ്കുകളില്‍ നിലവില്‍ ഇത്തരം വകുപ്പുകളുണ്ടെങ്കിലും അവ വിപുലമായ സംവിധാനങ്ങളല്ലെന്ന് ലണ്ടന്‍ ആസ്ഥാനമായ എക്സസ് കമ്പനി പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെബ്റ്റ് കളക്ഷന്‍ സംവിധാനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഈ കമ്പനി ഇപ്പോള്‍ യുഎഇയിലെ ബാങ്കുകളുമായി ആശയവിനിമയം നടത്തുകയാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ ഭാഗമായി വായ്പ തിരിച്ചടക്കാത്തവരും, മനപ്പൂര്‍വം തിരിച്ചടവ് മുടക്കി രക്ഷപ്പെടുന്നവരുമുണ്ട്. ഇവരെ തിരിച്ചറിഞ്ഞ് തിരിച്ചടവിനുള്ള സംവിധാനം ഒരുക്കലാണ് ഇത്തരം കമ്പനികളുടെ പ്രധാനമേഖല.