ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; ലൈസന്‍സ് വിതരണം 16 നു പുനരാരംഭിക്കും
റിക്രൂട്ടിംഗ് കമ്പനികള്‍ക്കു നിബന്ധനകൾക്കു വിധേയമായി ലൈസൻസ് അനുവദിക്കും
കുവൈത്തിൽ ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് വിതരണം ഈ മാസം 16 നു പുനരാരംഭിക്കുമെന്നു ആഭ്യന്തര മന്ത്രാലയം . കുവൈത്ത് പൗരന്റെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് കമ്പനികള്‍ക്കു നിബന്ധനകൾക്കു വിധേയമായി ലൈസൻസ് അനുവദിക്കുമെന്ന് മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് മേധാവി മേജര്‍ ജനറല്‍ തലാല്‍ മഅ്റഫി അറിയിച്ചു .
തൊഴിൽ വിപണിയിലെ ക്രമീകരണങ്ങളുടെ ഭാഗമായി നിർത്തിവെച്ച ലൈസൻസ് വിതരണം ഞായറാഴ്ച പുന:സ്ഥാപിക്കുമെങ്കിലും കടുത്ത നിബന്ധനകൾക്ക് വിധേയമായാകും പുതുതായി ലൈസൻസുകൾ അനുവദിക്കുക . ലൈസൻസ് അപേക്ഷകൻ കുവൈത്ത് പൗരനും കുറ്റകൃത്യങ്ങളിലോ കോടതി നടപടികളിലോ ഉള്‍പ്പെടാത്ത ആളും ആയിരിക്കണം, പ്രായം 30 നും 70നും ഇടയിലായിരിക്കണം, പ്രാദേശിക ബാങ്കില്‍ 40000 ദീനാര്‍ ഗ്യാരണ്ടി നൽകണം, സ്ഥാപനത്തിന് വാണിജ്യ മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ . ലൈസന്‍സിന് അപേക്ഷിക്കുന്ന ആളിന്റെ പേരില്‍ തന്നെയാണ് റിക്രൂട്ടിംഗ് കമ്പനികളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ, ശാരീരിക ക്ഷമതസര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും വിദേശത്തുനിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുകയെന്നും തലാല്‍ മഅ്റഫി കൂട്ടിച്ചേര്‍ത്തു.