ഒബാമയുടെ ദ്വിദിന സൌദി സന്ദര്‍ശനം തുടങ്ങി

Update: 2017-06-11 00:52 GMT
Editor : admin
ഒബാമയുടെ ദ്വിദിന സൌദി സന്ദര്‍ശനം തുടങ്ങി
Advertising

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സൌദിയിലെത്തി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സൌദിയിലെത്തി. സല്‍മാന്‍ രാജാവുമായി ഒബാമ കൂടിക്കാഴ്ച നടത്തുകയാണ്. നാളെ റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഇറാനില്‍ നിന്നും കടല്‍ മാര്‍ഗം യമനിലേക്ക് ആയുധം കടത്തുന്നത് തടയാന്‍ അമേരിക്കന്‍ ഗള്‍ഫ് രാജ്യങ്ങളും സംയുക്ത പരിശോധന ന‌ടത്തുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുലത്വീഫ് അസ്സയാനി അറിയിച്ചു.

ഉച്ചക്ക് ഒന്നേ കാലോടെയാണ് ബരാക് ഒബാമ റിയാദിലെത്തിയത്. ഗവര്‍ണ്ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍, സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ ഒബാമയെ സ്വീകരിച്ചു. തുടര്‍ന്ന് ദര്‍ഇയ്യ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവുമായി ഒബാമ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്. പശ്ചിമേഷ്യയിലെ പ്രശ്നപരിഹാരത്തിനുള്ള അവസാന ശ്രമമായാണ് സ്ഥനമൊഴിയുന്നതിന് തൊട്ട് മുന്‍പുള്ള ഒബാമയുടെ സൌദി സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്റെ ഇടപെടല്‍, ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടകളെ നേരിടല്‍, സൈബര്‍, മറൈന്‍ മേഖലകളിലെ യോജിച്ച പോരാട്ടം, എണ്ണ വില വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയാവുക. ‌

നാളെ ദര്‍ഇയ്യ കോണ്‍ഫറന്‍സ് പാലസില്‍ നടക്കുന്ന ജി.സി.സി യോഗത്തില്‍ ഒബാമ മുഖ്യാതിഥിയായി പങ്കെടുക്കും. അതേസമയം യമനിലെ ഹൂതി വിമതര്‍ക്ക് ഇറാനില്‍ ആയുധം ലഭിക്കുന്നത് തടയാന്‍ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും സംയുക്തമായി നാവിക സേനയെ വിന്യസിക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദു ലത്വീഫ് അസ്സയാനി പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒബാമയുടെ റിയാദ് സന്ദര്‍ശനത്തിന് മുന്നോടിയായി ഗള്‍ഫ് പ്രതിരോധ മന്ത്രിമാരും ആഷ് കാര്‍ട്ടറും യോഗം ചേര്‍ന്നിരുന്നു. ഇറാനുമായുള്ള ആണവ കരാര്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുരക്ഷയെ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് ആഷ് കാര്‍ട്ടര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News