ഗള്‍ഫില്‍ സ്വര്‍ണ വില്‍പനയില്‍ ഇടിവ്
നടപ്പ് വര്‍ഷത്തെ രണ്ടാം പാദത്തില്‍ യുഎഇയില്‍ മാത്രം സ്വര്‍ണ വില്‍പനയില്‍ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
വില ഉയര്‍ന്നതോടെ ഗള്‍ഫ് സ്വര്‍ണവിപണിയില്‍ വില്‍പന രംഗത്ത് ഇടിവ്. പെട്രോള്‍ വിലത്തകര്‍ച്ചയും സ്വര്‍ണമേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
നടപ്പ് വര്‍ഷത്തെ രണ്ടാം പാദത്തില്‍ യുഎഇയില്‍ മാത്രം സ്വര്‍ണ വില്‍പനയില്‍ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ വിപണിയിലും ഈ കാലയളവില്‍ മാന്ദ്യം പ്രകടമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.1 ടണ്ണിന്റെ ഇടിവാണ് യു.എ.ഇയില്‍ മാത്രം സംഭവിച്ചത്. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില തന്നെയാണ് വില്‍പനക്ക് തിരിച്ചടിയായത്. പശ്ചിമേഷ്യന്‍ രാഷ്ട്രീയ കാലുഷ്യം കാരണം രൂപപ്പെട്ട എണ്ണവിലയിടിവും സ്വര്‍ണ വിപണിക്ക് തിരിച്ചടിയായി. പശ്ചിമേഷ്യന്‍ വിപണിയില്‍ സ്വര്‍ണ വില്‍പനയില്‍ ഓരോ വര്‍ഷവും ഏതാണ്ട് 22 ശതമാനത്തിന്റെ കുറവ് നേരിടുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മലയാളി ഉടമസ്ഥതയിലുള്ള ജ്വല്ലറികള്‍ വിപണിയെ കുറിച്ച് വലിയ പ്രതീക്ഷയിലാണ്. ഗള്‍ഫില്‍ നിന്ന് ഭിന്നമായി ആഗോള വിപണിയില്‍ സ്വര്‍ണ വില്‍പന ഉയരുന്ന പ്രവണതയും ഉണ്ട്.
എന്നാല്‍ സ്വര്‍ണ വില കുറയാനുള്ള സാധ്യത മങ്ങുകയാണ്. നടപ്പു വര്‍ഷം മാത്രം സ്വര്‍ണ വിലയില്‍ 26 ശതമാനത്തിനു മുകളിലാണ് വര്‍ധന ഉണ്ടായത്. ഡോളര്‍ ബലപ്പെട്ടതും സ്വര്‍ണ വില ഉയരുന്നതിന് ഇടയാക്കിയ പ്രധാന ഘടകമാണ്.