ഹാദിമുല്‍ ഹറമൈന്‍ കപ്പ് അല്‍ അഹ് ലി ക്ലബ് സ്വന്തമാക്കി
പതിമൂന്നാം തവണയാണ് അല്‍ അഹ് ലി ഹാദിമുല്‍ ഹറമൈന്‍ കപ്പില്‍ മുത്തമിടുന്നത്.
സൌദി രാജാവിന്റെ പേരിലുള്ള ഹാദിമുല്‍ ഹറമൈന്‍ കപ്പ് അല്‍ അഹ് ലി ക്ലബ് സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ നസ് ര്‍ എഫ്സിയെ പരാജയപ്പെടുത്തിയാണ് അല്‍ അഹ്ലി ചാമ്പ്യന്‍മാരായത്. പതിമൂന്നാം തവണയാണ് അല്‍ അഹ് ലി ഹാദിമുല്‍ ഹറമൈന്‍ കപ്പില്‍ മുത്തമിടുന്നത്.
ജിദ്ദയിലെ കിംങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയിലെ സ്റ്റേഡിയത്തില്‍ നടന്ന അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിറിയന്‍ സ്ട്രൈക്കര്‍ ഉമര്‍ സോമയാണ് അല്‍ അഹ്ലിയുടെ ഇരു ഗോളുകളും നേടിയത്. കളിയുടെ ഇരുപത്തി മൂന്നാം ഹൈഡറിലൂടെ ഉമര്‍ അഹ് ലിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ പതിനാറാം മിനുട്ടില്‍ അല്‍ നസ് ര്‍ ഗോള്‍ മടക്കിയതോടെ മത്സരം ആവേശത്തിലായി. അഹമ്മദ് അല്‍ എല്‍ഫ്രിഡോയാണ് ഗോള്‍ നേടിയത്.
കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതിനാല്‍ മത്സരം അധിക സമയത്തേക്ക് നീണ്ടു. നൂറ്റി പതിനാലം മിനുട്ടില്‍ ഉമര്‍ സോമ ഒരിക്കല്‍ കൂടി വല കുലുക്കിയതോടെ കപ്പ് വീണ്ടും അല്‍ അഹ്ലി സ്വന്തമാക്കി. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിജയികള്‍ക്ക് കപ്പും മെഡലുകളും സമ്മാനിച്ചു. കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ്, മക്ക ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ തുടങ്ങി സൌദി ഭരണകൂടത്തിലെയും രാജകുടുംബത്തിലെയും ഉന്നതര്‍ അടക്കം വലിയ ജനക്കൂട്ടമാണ് മത്സരം കാണാനെത്തിയത്.