ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സുരക്ഷ ശക്തമാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രി
സുരക്ഷിതരായി അവരുടെ നാടുകളിലേക്ക് തിരിച്ചുപോകുന്നതുവരെ ആവശ്യമായ എല്ലാ സൗകര്യങ്ങളും തീര്‍ഥാടകര്‍ക്ക് നല്‍കും.
മേഖലയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സുരക്ഷ ശക്തമാക്കുമെന്ന് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു. മിനയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ എളുപ്പത്തിലും ശാന്തമായ അന്തരീക്ഷത്തില്‍ സുരക്ഷയോടെയും നിര്‍വഹിക്കാനാവശ്യമായ എല്ലാ നടപടി ക്രമങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷിതരായി അവരുടെ നാടുകളിലേക്ക് തിരിച്ചുപോകുന്നതുവരെ ആവശ്യമായ എല്ലാ സൗകര്യങ്ങളും തീര്‍ഥാടകര്‍ക്ക് നല്‍കും. എല്ലാ വര്‍ഷവുംപോലെ ഈ വര്‍ഷവും പരമാവധി സാധ്യമായ എല്ലാ സുരക്ഷ സന്നാഹങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു.
ഇറാനിയന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിനത്തൊന്‍ കഴിയാതിരുന്നത് അവരുടെതായ കാരണങ്ങളാലാണ്. ഇസ്ലാമിക വിരുദ്ധവും ഹജ്ജിന്റെ മൊത്തം സുരക്ഷയെ ബാധിക്കുന്നതുമായ നിബന്ധനകള്‍ അനുവദിക്കണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കാനാവില്ല. ഹജ്ജിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കങ്ങളെയും ആരുടെ ഭാഗത്തുനിന്നായാലും സര്‍വശക്തിയുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.