ഇറാനില്‍ നിന്നും യമനിലേക്കുള്ള ആയുധക്കടത്ത് തടയാന്‍ അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും സംയുക്ത പരിശോധന നടത്തും
ഒബാമയുടെ റിയാദ് സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന ഗള്‍ഫ് പ്രതിരോധ മന്ത്രിമാരും ആഷ് കാര്‍ട്ടറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഇറാനില്‍ നിന്നും കടല്‍ മാര്‍ഗം യമനിലേക്ക് ആയുധം കടത്തുന്നത് തടയാന്‍ അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും സംയുക്ത പരിശോധന നടത്തുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുലത്വീഫ് അസ്സയാനി അറിയിച്ചു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യമനിലെ ഹൂതി വിമതര്‍ക്ക് വന്‍ തോതില്‍ ഇറാനില്‍ നിന്നും കടല്‍ മാര്‍ഗം ആയുധം ലഭിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇറാന്‍ ഇത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയും ഗള്‍ഫ് രാഷ്ട്രങ്ങളും ആയുധമെത്തിക്കുന്നത് തടയാന്‍ നടപടികള്‍ ആരംഭിച്ചത്.
ഇതിനായി സംയുക്തമായി നാവിക സേനയെ വിന്യസിക്കും. അതോടൊപ്പം മിസൈല്‍ പ്രതിരോധവും ഏര്‍പ്പെടുത്തും.ഒബാമയുടെ റിയാദ് സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന ഗള്‍ഫ് പ്രതിരോധ മന്ത്രിമാരും ആഷ് കാര്‍ട്ടറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇറാനുമായുള്ള ആണവ കരാര്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുരക്ഷയെ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് ആഷ് കാര്‍ട്ടര്‍ ഉറപ്പു നല്‍കി.
സംയുക്ത സൈനിക പരിശീലനം, സൈബര്‍ സ്‌പേസ് സെക്യൂരിറ്റി, മാരിടൈം സെക്യൂരിറ്റി, മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവയില്‍ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും സഹകരിക്കാന്‍ യോഗത്തില്‍ ധാരണയായി. ഐ.എസ് അടക്കമുള്ള തീവ്രവാദ ശക്തികള്‍ക്കെതിരായ സംയുക്ത പോരാട്ടം ശക്തമാക്കാനും ധാരണയായിട്ടുണ്ട്.