ബഹ്റൈനില്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷം
രാജ്യത്തെ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ സമാജം ആസ്ഥാനത്ത് തനിമയും ചാരുതയുമുള്ള ഓണാഘോഷപരിപാടികളാണ് നടക്കുന്നത്
ബഹ്റൈനിൽ ഏറ്റവും വിപുലമായ ഓണാഘോഷ പരിപാടികൾ കേരളീയ സമാജത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. രാജ്യത്തെ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ സമാജം ആസ്ഥാനത്ത് തനിമയും ചാരുതയുമുള്ള ഓണാഘോഷപരിപാടികളാണ് നടക്കുന്നത്.
11 ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികൾക്കാണ് ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആസ്ഥാനത്ത് തുടക്കമായത്. നടനും മുന്‍മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുൻ വർഷങ്ങളിലേതിനേക്കാൾ വിപുലമായി ആദ്യ ദിവസങ്ങളിലെ ആഘോഷപരിപാടികൾ തന്നെ സമാജത്തിൽ ഉൽസവഛായയോടെയാണ് അരങ്ങേറിയത്. ശ്രാവണം 2016 എന്ന പേരിൽ അരങ്ങേറുന്ന പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും പരിപാടികളിലെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാവുകയാണ്.
നിരവധി കലാ സാംസ്കാരിക പരിപാടികളാണ് ദിനേന സമാജത്തിൽ അരങ്ങേറുന്നത്. ഉഷാ ഉതുപ്പ് മുതല്‍ എം ജി ശ്രീകുമാര്‍ വരെയുള്ളവരാണ് 'ശ്രാവണം-2016' എന്ന പേരില്‍ നടക്കുന്ന ഇത്തവണത്തെ ഓണാഘോഷ പരിപാടികളില്‍ അണിനിരക്കുന്നത്. സെപ്തംബർ 23ന് നടക്കുന്ന 5000 പേർക്കായി ഒരുക്കുന്ന സമൂഹ ഓണ സദ്യയോടെയാണ് പരിപാടികൾ സമാപിക്കുക.