ദുബൈ രക്തസാക്ഷി ജാസിമിന് പ്രവാസി സമൂഹത്തിന്റെ പ്രൗഢമായ സ്നേഹാദരം
റാസല്‍ഖൈമയില്‍ മീഡിയവണും ഗള്‍ഫ് മാധ്യമവും ഒരുക്കിയ ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം ജാസിമിന്റെ കുടുംബത്തിന് കൈമാറി
തിരുവനന്തപുരം എമിറേറ്റസ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കവെ രക്തസാക്ഷിത്വം വരിച്ച യുഎഇ അഗ്നിശമന സേനാംഗം ജാസിം ഈസ അല്‍ ബലൂഷിക്ക് പ്രവാസിസമൂഹത്തിന്റെ പ്രൗഢമായ സ്നേഹാദരം. റാസല്‍ഖൈമയില്‍ മീഡിയവണും ഗള്‍ഫ് മാധ്യമവും ഒരുക്കിയ ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം ജാസിമിന്റെ കുടുംബത്തിന് കൈമാറി. അറബ് പ്രമുഖരടക്കം നൂറുകണക്കിന് പേരാണ് ചടങ്ങിന് സാക്ഷിയാവാൻ എത്തിയത്.
കണ്ണീരും അഭിമാനവും വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ച ചടങ്ങിലാണ് ഇന്ത്യന്‍ സമൂഹം ജാസിം ആല്‍ ബലൂഷിക്ക് തങ്ങളുടെ സ്നേഹാദരങ്ങളര്‍പ്പിച്ചത്. യോഗം ഉദ്ഘാടനം ചെയ്ത കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വായിച്ചു. സര്‍ക്കാരിന്റെ ഉപഹാരവും ജാസിമിന്റെ കുടുംബത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്ന മുഖ്യമന്ത്രിയുടെ കത്തും അദ്ദേഹം കൈമാറി.
മീഡിയവണിന്റെയും ഗള്‍ഫ് മാധ്യമത്തിന്റെയും ഉപഹാരങ്ങള്‍ മുഖ്യാതിഥിയായ റാസല്‍ഖൈമ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ഖാസിമി സമ്മാനിച്ചു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസഅബ്ബാസ് അറബിയിലാണ് പ്രാര്‍ഥനാനിര്‍ഭരമായ അധ്യക്ഷപ്രസംഗം നിര്‍വഹിച്ചത്.
ജാസിമിനെപറ്റി കവി ശിഹാബ് ഗാനിം രചിച്ച് ഹിശാം അബ്ദുല്‍വഹാബ് ഈണമിട്ട കവിത ഗായിക മീനാക്ഷി ജയകുമാര്‍ ആലപിച്ചു. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരിലൊരായാ ഡോ. ഷാജി പകരം നല്‍കിയ ജീവന് ജാസിമിനും കുടുംബത്തിനും നന്ദിയോതി. സ്നേഹവായ്പുകള്‍ക്ക് നന്ദി പറയുന്പോഴും സ്നേഹസ്വാന്തനങ്ങള്‍ക്ക് മുന്നില്‍ ജാസിമിന്റെ കുടുംബം പലപ്പോഴും കണ്ണീരണിഞ്ഞു.
ജാസിമിനെയും ജാസിമിന്റെ വീരമൃത്യുവിനെയും പ്രവാസികളും ഈ നാട്ടുകാരും എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ തെളിവായിരുന്നു റാസല്‍ഖൈമയില്‍ നടന്ന ഈ ചടങ്ങ്.