ഖത്തറില്‍ ബോട്ട് ജീവനക്കാര്‍ക്കായി പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍
മുദ്രാതിര്‍ത്തി ലംഘിക്കുന്നത് തടയാന്‍ കൂടി ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും , ഉല്ലാസ യാനങ്ങള്‍ക്കും മറ്റു ജലവാഹനങ്ങള്‍ക്കും ബാധകമാവും
ഖത്തറില്‍ ബോട്ട് ജീവനക്കാര്‍ക്കായി ആഭ്യന്തര മന്ത്രാലയം പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സമുദ്രാതിര്‍ത്തി ലംഘിക്കുന്നത് തടയാന്‍ കൂടി ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും , ഉല്ലാസ യാനങ്ങള്‍ക്കും മറ്റു ജലവാഹനങ്ങള്‍ക്കും ബാധകമാവും.
മീന്‍ പിടിക്കാനും ഉല്ലാസ യാത്രകള്‍ക്കുമായി കടലില്‍ പോകുന്ന മുഴുവന്‍ ജല വാഹനങ്ങള്‍ക്കുമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ സുരക്ഷാ നിര്‍ദ്ധേശങ്ങള്‍ പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും ബോട്ടുകള്‍ സമുദ്രസഞ്ചാരത്തിന് യോഗ്യമാണെന്ന് ഉറപ്പുവരുത്തണം , ജീവനക്കാരുടെ തിരിച്ചറിയല്‍ രേഖകളും അനുമതി പത്രങ്ങളും കോസ്റ്റ് ഗാര്‍ഡ് രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചരിക്കണം . സമുദ്ര യാത്രക്കിടയിലെ ആശയ വിനിമയത്തിനുള്ള വയര്‍ലെസ് സംവിധാനങ്ങള്‍ ഉറപ്പു വരുത്തണം , സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ലൈഫ് ജാക്കറ്റുകള്‍ , ചെറുബോട്ടുകള്‍ എന്നിവ സജ്ജീകരിക്കണമെന്നും നിര്‍ദ്ധേശമുണ്ട്. ഉല്ലാസ നൗകകളിലും മറ്റും അനുവദിക്കപ്പെട്ടതിലും കൂടുതല്‍ സഞ്ചാരികളെ കൊണ്ടു പോകുന്നത് പ്രത്യേകം നിരീക്ഷിക്കും .അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തിയെ മാനിച്ചും എണ്ണ പ്രകൃതി വാതക ഖനനമേഖലകളടക്കമുള്ള നിരോധിത മേഖലകളില്‍ പ്രവേശിക്കാതെയും സഞ്ചരിക്കണമെന്നാണ് പ്രധാന നിര്‍ദ്ധേശം. ദോഹ തീരത്ത് നിന്ന് സഞ്ചാരികളെയുമായി സഫലിയ ഐലന്റിലേക്കും സമീപ പ്രദേശങ്ങളിലേക്കും യാത്ര തിരിക്കുന്ന ഉല്ലാസ നൗകകളും ദോഹക്കു പുറമെ വക്‌റ അല്‍ഖോര്‍ എന്നിവിടങ്ങളില്‍ നിന്നായി മത്സ്യബന്ധനത്തിന് പോകുന്ന ഫിഷിംഗ് ബോട്ടുകളും നിര്‍ദ്ധേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.