ദോഹ മെട്രോ സ്റ്റേഷനുകളില്‍ എലിവേറ്ററുകളും എസ്കലേറ്ററുകളും സ്ഥാപിക്കാനുള്ള കരാര്‍ ഒപ്പിട്ടു
ഹമദ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ലുസൈല്‍, വെസ്റ്റ്ബേ, എജുക്കേഷന്‍ സിറ്റി എന്നീ പ്രധാന മേഖലകളെ ബന്ധിപ്പിച്ചാണ് ദോഹ മെട്രോ പാതയൊരുക്കുന്നത്
നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോ സ്റ്റേഷനുകളില്‍ എലിവേറ്ററുകളും എസ്കലേറ്ററുകളും സ്ഥാപിക്കാനുള്ള കരാര്‍ ജര്‍മന്‍ കമ്പനിയായ 'തയ്സെന്‍ക്രെപ്പുമായി ഉണ്ടാക്കി. ഹമദ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ലുസൈല്‍, വെസ്റ്റ്ബേ, എജുക്കേഷന്‍ സിറ്റി എന്നീ പ്രധാന മേഖലകളെ ബന്ധിപ്പിച്ചാണ് ദോഹ മെട്രോ പാതയൊരുക്കുന്നത്. ദോഹ മെട്രോയുടെ റെഡ് ലൈന്‍ നോര്‍ത്തിലും, ഗ്രീന്‍ ലൈനിലുമായി 500-ഓളം എലിവേറ്റര്‍, എസ്കലേറ്റര്‍ യൂനിറ്റുകളാണ് തയ്സെന്‍ക്രെപ്പ് സ്ഥാപിക്കുക.
ഇവ സ്ഥാപിക്കല്‍,നിര്‍മാണം, വിതരണം, കേടുപാടുതീര്‍ക്കല്‍ എന്നിവയടങ്ങുന്നതാണ് കരാര്‍. കരാറിന്റെ മൂല്യവും മെയിന്‍റനന്‍സ് കാലാവധിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കായി നേരത്തെ നാനൂറോളം എലിവേറ്റര്‍ എസ്കലേറ്റര്‍ യൂനിറ്റുകള്‍ തെയ്സെന്‍ക്രെപ്പ് വിതരണം ചെയ്തിരുന്നു. ദോഹ മെട്രോയുടെ റെഡ്, ഗോള്‍ഡ് ലൈന്‍ സ്റ്റേഷനുകളിലെ വിവിധ പ്രൊജക്ടുകളില്‍ ഫിന്‍ലാന്‍റ് കമ്പനിയായ കോണിനും അവസരം ലഭിച്ചിരുന്നു. 189 എലവേറ്റര്‍ 253 എസ്കലേറ്റര്‍ 102 ഓട്ടോമാറ്റിക് വാക്ക് വേ എന്നിവ സ്ഥാപിക്കാനായിരുന്നു ഇത്. 2020 ഓടെ ദോഹ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.