തുര്‍ക്കി ജനതക്ക് ദൈവത്തിന്റെ തുല്യതയില്ലാത്ത സഹായമാണ് ലഭിച്ചിരിക്കുന്നതെന്ന് ഖറദാവി
ഏകാധിപത്യത്തെ ഭരണത്തെ അംഗീകരിക്കില്ലെന്ന നിലപാടെടുത്ത തുര്‍ക്കി ജനത അഭിനന്ദനമര്‍ഹിക്കുന്നു
റജബ് ത്വയ്യിബ് ഒര്‍ദുഗാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ തുരത്തിയോടിച്ച തുര്‍ക്കി ജനതക്ക് ദൈവത്തിന്റെ തുല്യതയില്ലാത്ത സഹായമാണ് ലഭിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭ അധ്യക്ഷന്‍ ഡോ.യൂസുഫുല്‍ ഖറദാവി പറഞ്ഞു.
ഏകാധിപത്യത്തെ ഭരണത്തെ അംഗീകരിക്കില്ലെന്ന നിലപാടെടുത്ത തുര്‍ക്കി ജനത അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും ഖറദാവി ദോഹയില്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട പട്ടാള ഭരണത്തിന്റെ കെടുതികള്‍ അനുഭവിച്ച തുര്‍ക്കി ജനത ഇനിയൊരു ഏകാധിപത്യ ഭരണത്തിലേക്ക് തിരിച്ച് പോകാന്‍ ഒരുക്കമല്ലെന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത് എന്ന് ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി ദോഹയില്‍ പറഞ്ഞു. ഇത് പോലെ അട്ടിമറികപ്പെട്ട ഭരണകൂടങ്ങള്‍ ആത്മധൈര്യം വീണ്ടെടുത്ത് തിരിച്ച് വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന പൊളിച്ച തുര്‍ക്കി ജനതക്ക് ദൈവീകസഹായമാണ് ലഭിച്ചതെന്നും ഖറദാവി കൂട്ടിച്ചേര്‍ത്തു .
തുര്‍ക്കി ജനതയുടെ അവസരോചിത ഇടപെടല്‍ ബാഹ്യശക്തികളുടെ കടന്ന് വരവിനെ തടയിരാന്‍ കഴിഞ്ഞൂവെന്ന് മാത്രമല്ല പട്ടാള ഭരണകൂടങ്ങളുടെ ഇരുണ്ട കാലഘട്ടത്തിലേക്ക് തിരിച്ച് പോകാന്‍ ഇനി തങ്ങള്‍ ഒരുക്കമല്ളെന്നും തുര്‍ക്കി ജനത പ്രഖ്യാപിച്ചതായി പണ്ഡിത സഭ സെക്രട്ടറി ജനറല്‍ ഡോ.അലി മുഹ്യുദ്ധീന്‍ അല്‍ഖുറദാഗിയും അഭിപ്രായപ്പെട്ടു. ഇസ്ലാമിക ലോകം കഴിഞ്ഞ രാത്രി തുര്‍ക്കി ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നൂവെന്ന് പ്രമുഖ സൗദി പണ്ഡിതനും വാഗ്മിയുമായ ഡോ.മുഹമ്മദ് അല്‍അരീഫി വ്യക്തമാക്കി. ഇന്ന് തുര്‍ക്കി ജനതയുടെ ആഘോഷദിനം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.