പത്തിലൊരാള്‍ യുഎഇയില്‍ ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഇരയാകുന്നു
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ കാര്‍ഡ് സുരക്ഷാ വാരാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.
യു എ ഇ നിവാസികളില്‍ പത്തില്‍ ഒരാള്‍ ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഇരയാവുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. ദുബൈയിലെ സാമ്പത്തിക വികസനവകുപ്പും ക്രെഡിറ്റ് കാര്‍ഡ് സേവനദാതാക്കളായ വിസയും നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ കാര്‍ഡ് സുരക്ഷാ വാരാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംബന്ധിച്ച് ദുബൈ സാമ്പത്തിക വികസനവകുപ്പില്‍ ദിവസം മൂന്ന് മുതല്‍ ഏഴ് വരെ പരാതികള്‍ ലഭിക്കുന്നുവെന്നാണ് കണക്ക്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിച്ച് നടത്തുന്ന തട്ടിപ്പുകളാണ് കൂടുതല്‍. 60 ശതമാനം തട്ടിപ്പും ഈ ഗണത്തില്‍ പെടുന്നവയാണ്. ഏഴ് ശതമാനം കേസുകള്‍ തന്റേതല്ലാത്ത ഇടപാടുകള്‍ക്ക് കാര്‍ഡില്‍ നിന്ന് പണം നഷ്ടപ്പെടുന്നതാണ്. തട്ടിപ്പ് വെബ്‌സൈറ്റുകള്‍ വഴി നാല് ശതമാനവും, പണമടച്ചിട്ടും ഉല്‍പന്നം ലഭിക്കാത്ത കേസുകള്‍ ആറ് ശതമാനവും വരും.
ഷോപ്പിംഗ് നഗരമെന്ന നിലയില്‍ ദുബൈയുടെ വിശ്വാസ്യത നിലനിര്‍ത്താനും തട്ടിപ്പുകള്‍ തടയാനും ലക്ഷ്യമിട്ട് ഈമാസം 20 മുതല്‍ 27 വരെയാണ് യു എ ഇ കാര്‍ഡ് സെക്യൂരിറ്റി വാരം ആചരിക്കുക. ഇക്കാലയളവില്‍ വിവിധ മാധ്യമങ്ങള്‍ വഴി സുരക്ഷിതമായ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തെ കുറിച്ച് പ്രചാരണം നടത്തും. വണ്‍ടൈം പാസ് വേഡ്, എസ്എംഎസ് ഓതറൈസേഷന്‍ തുടങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, സുരക്ഷിതമായ വെബ്‌സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക, പരിചയമില്ലാത്ത ഇമെയിലുകള്‍ക്ക് ക്രെഡിറ്റ് വിവരങ്ങള്‍ നല്‍കി പ്രതികരിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ സന്ദേശങ്ങളാണ് ജനങ്ങളിലെത്തിക്കുക. യു എ ഇയില്‍ തട്ടിപ്പിനിരയായ 63 ശതമാനം പേര്‍ക്കും പണം തിരിച്ചുനല്‍കാനായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.