രക്ഷിതാവിനെതിരെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഭരണ സമിതിയുടെ പ്രതികാര നടപടി
അമിത ഫീസിനെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതി നല്കിയതിനു പി എ സി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കി
രക്ഷിതാവിനെതിരെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഭരണ സമിതിയുടെ പ്രതികാര നടപടി. അമിത ഫീസിനെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതി നല്കിയതിനു പി എ സി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയാണ് സ്കൂൾ ഭരണ സമിതി പകരം വീട്ടിയത്. നോമിനേഷൻ ചവറ്റു കുട്ടയിൽ എറിഞ്ഞു അപമാനിച്ചതായി രക്ഷിതാവ് മീഡിയ വണ്ണിനോട് പറഞ്ഞു
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ ബ്രാഞ്ചിലെ രക്ഷിതാവും കണ്ണൂർ മാഹി സ്വദേശിയും ആയ ഖലീൽ റഹ്മാൻ പാരന്റ്സ് അഡ്വൈസറി കൌൺസിലിലേക്ക് മത്സരിക്കാൻ നല്കിയ നാമ നിർദേശ പത്രികയാണ് ഭരണ സമിതിയുടെ നിർദേശത്തെ തുടർന്ന് തള്ളിയത്.
ആർട്ട് ഫെസ്റ്റ്ഫീസ് പേരിൽ സ്കൂൾ ഈടാക്കി വരുന്ന 2 ദിനാർ അടക്കാൻ വിസമ്മതിക്കുകയും ഇക്കാര്യം സ്വകാര്യ വിദ്യാഭ്യാസവകുപ്പിൽ പരാതി നല്കുകയും ചെയ്ത തന്നോട് സ്കൂൾ ഭരണ സമിതി പ്രതികാര നടപടി സ്വീകരിക്കുയാണെന്ന് ഖലീൽ റഹ്മാൻ പറഞ്ഞു. തന്റെ നാമ നിർദേശ പത്രിക ചവറ്റു കുട്ടയിൽ എറിഞ്ഞു അപമാനിച്ചതിനെ നിയമ പരമായി നേരിടുമെന്നും ഖലിൽ റഹ്മാൻ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച ട്യൂഷൻ ഫീസിനു പുറമേ യാതൊന്നും നിർബന്ധപൂർവം ഈടാക്കരുതെന്ന നിയമം കാറ്റിൽ പറത്തിയാണ് ആർട്ട് ഫീസ് എന്ന പേരിൽ ഓരോ വിദ്യാർഥിയിൽ നിന്നും 2 ദിനാർ സ്കൂൾ വാങ്ങുന്നത്.
സ്കൂൾ ഭരണ സമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ പല തവണ ഉയർന്നിരുന്നു