വികെ സിങ് ജിദ്ദയില്‍; തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് സൌദി
സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര വിദേശകാര്യസഹ മന്ത്രി വികെ സിങ് സൌദിയില്‍.
സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര വിദേശകാര്യസഹ മന്ത്രി വികെ സിങ് സൌദിയില്‍. വികെ സിങ് സൌദി തൊഴില്‍മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ പ്രശ്ന പരിഹാരത്തിന് സൗദിയുടെ പൂര്‍ണ പിന്തുണ നല്‍കുമെന്നും തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കുമെന്നും സൌദി തൊഴില്‍മന്ത്രി മീഡിയവണിനോട് പറഞ്ഞു. നാട്ടില്‍ പോകേണ്ടവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുമെന്നും സൌദി തൊഴില്‍ മന്ത്രി അറിയിച്ചു.
30 ലക്ഷം ഇന്ത്യക്കാരില്‍ ചുരുക്കം ചിലര്‍ക്കേ പ്രശ്നങ്ങളുള്ളൂവെന്നും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും പ്രശ്നം പെരുപ്പിച്ച് കാണിക്കരുതെന്ന് വികെ സിങും പറഞ്ഞു. ജിദ്ദയിലെത്തിയ മന്ത്രി വികെ സിങ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ച നടത്തി. പതിനൊന്ന് മണിയോടെ വികെ സിങ് റിയാദിലെത്തി. ഇന്ത്യന്‍സമയം വൈകിട്ട് 4.30 യ്ക്കാണ് തൊഴില്‍ മന്ത്രിയുമായുള്ള ചര്‍ച്ച. ഇന്നലെ രാത്രി വൈകിയാണ് തൊഴില്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് സമയം നിശ്ചയിച്ചത്. ജിദ്ദയിലും ദമാമിലും റിയാദിലുമുള്ള വിവിധ കമ്പനികളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വികെ സിങ് സൌദി അധികൃതരുടെ മുന്നില്‍ അവതരിപ്പിക്കും. മുടങ്ങിക്കിടക്കുന്ന വേതനവും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ആനുകൂല്യങ്ങളും കമ്പനികളില്‍ നിന്ന് ഈടാക്കി നല്‍കാന്‍ നടപടി വേണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. ലേബര്‍ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിക്കാനിടയില്ല. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നതിന് സൌദി അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.
ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് വികെ സിങ് ജിദ്ദയിലെത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു. റിയാദില്‍ തങ്ങുന്ന മന്ത്രി നാളെ മദീനയിലെത്തി ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരെ സ്വീകരിക്കും. ഹാജിമാരുമായി വരുന്ന വിമാനങ്ങളില്‍ തൊഴിലാളികളെ നാട്ടിലേക്കയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.