വിലക്കയറ്റം തടയാൻ കുവൈത്തില്‍ മോണിറ്ററിങ് കമ്മിറ്റി

Update: 2017-10-07 03:05 GMT
വിലക്കയറ്റം തടയാൻ കുവൈത്തില്‍ മോണിറ്ററിങ് കമ്മിറ്റി
Advertising

സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന കമ്മിറ്റി

Full View

വിലക്കയറ്റം തടയാൻ കുവൈത്ത് സാമൂഹ്യ ക്ഷേമ മന്ത്രാലയം മോണിറ്ററിങ് കമ്മിറ്റിക്ക് രൂപം നൽകി. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന കമ്മിറ്റി. ബുധനാഴ്ച മുതൽ വിപണിയിൽ നിരീക്ഷണം തുടങ്ങും. പെട്രോൾ നിരക്ക് പരിഷ്കരണം മറയാക്കി ആവശ്യവസ്തുക്കൾ വില കൂട്ടി വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു സാമൂഹ്യ ക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പെട്രോള്‍ നിരക്ക് പരിഷ്കരണം ചൂണ്ടിക്കാട്ടി കച്ചവടക്കാര്‍ സാധനങ്ങൾക്ക് അമിത വില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരീക്ഷണ സമിതി രൂപീകരിച്ചത് . സാമൂഹികക്ഷേമ തൊഴിൽ കാര്യ മന്ത്രി ഹിന്ദ് അല്‍ സബീഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെയും വാണിജ്യവ്യവസായ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരടങ്ങുന്നതാണു മോണിറ്ററിങ് കമ്മിറ്റി . ബുധനാഴ്ച മുതല്‍ ഫീല്‍ഡിലിറങ്ങുന്ന സംഘം ആറു ഗവർനറേറ്റുകളിലെയും ജംഇയ്യകള്‍, ഭക്ഷ്യവില്‍പന കേന്ദ്രങ്ങള്‍, മാംസ-മത്സ്യ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കയറി വില നിരീക്ഷിക്കും. ഏതെങ്കിലും സ്ഥാപനങ്ങള്‍ സാധനങ്ങളുടെ വില കൂട്ടിയതായി കണ്ടത്തെിയാല്‍ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി സാമൂഹിക തൊഴില്‍കാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മതര്‍ അലി അല്‍ മുതൈരി പറഞ്ഞു . ബുധനാഴ്ചയാണ് രാജ്യത്തു പെട്രോൾ വില പരിഷ്കരണം നിലവിൽ വരുന്നത് . നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്നു ചൂണ്ടിക്കാട്ടി പാർലമെന്റ് അംഗങ്ങളുൾപ്പെടെയുള്ളവർ ഇന്ധന വില പരിഷ്കരണത്തെ എതിർത്തിരുന്നു.

Tags:    

Similar News