കുവൈത്തില്‍ ഇനി സര്‍ക്കാര്‍ ജോലി വിദേശികള്‍ക്ക് അന്യമാകും
വിദേശികളുടെ ആധിക്യം ആശങ്ക സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സുപ്രിം പ്ലാനിങ് കൗൺസിൽ ഇത്തരമൊരു നിർദേശം മുന്നോട്ടു വെച്ചത്
കുവൈത്തിൽ സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ ജോലിക്ക് നിയമിക്കുന്നത് പൂര്‍ണ്ണമായി നിര്‍ത്തണമെന്ന് നിർദേശം. വിദേശികളുടെ ആധിക്യം ആശങ്ക സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സുപ്രിം പ്ലാനിങ് കൗൺസിൽ ഇത്തരമൊരു നിർദേശം മുന്നോട്ടു വെച്ചത്. രാജ്യത്തുള്ള വിദേശികൾക്കായി പ്രത്യേക താമസകേന്ദ്രങ്ങൾ പണിയണമെന്നും നിർദേശത്തിൽ പറയുന്നു.
ജനസംഖ്യയിലെ സ്വദേശി വിദേശി അനുപാതത്തിൽ നിലനിൽക്കുന്ന വലിയ അന്തരം തൊഴിൽ വിപണിയിലും സാമൂഹ്യ തലത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നാണ് ഉന്നത ആസൂത്രണ സമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞ അഞ്ചു വർഷമായി തൊഴിൽ വിപണിയിൽ വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ക്രമീകരണം വരുത്തിയില്ലെങ്കിൽ ഭാവിയിൽ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ആശങ്കയും സുപ്രിം പ്ലാനിങ് കൗൺസിൽ മുന്നോട്ടു വെക്കുന്നു. ജനസംഖ്യയിലെ അസന്തുലിതത്വം കുറക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തസ്തികകളില്‍ വിദേശികളെ നിയമിക്കുന്നത് പൂര്‍ണമായി നിര്‍ത്തണമെന്നാണ് നിർദേശം. സ്വദേശികളില്‍നിന്ന് ജീവനക്കാരെ ലഭ്യമാവാത്ത അപൂര്‍വ്വ ഘട്ടങ്ങളില്‍ മാത്രം വിദേശികളെ നിയമിക്കുകയെന്ന നയമായിരിക്കണം ഇക്കാര്യത്തില്‍ സർക്കാർ സ്വീകരിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു. സ്വകാര്യ മേഖലയിലേക്കുള്ള റിക്രൂട്മെന്റും യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാക്കണമെന്നും ഒളിച്ചോട്ടം, യാത്രാവിലക്ക്, നാടുകടത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാലോചിതമായ പരിഷ്കരണം നടപ്പാക്കണമെന്നും നിർദേശമുണ്ട്. വിദേശിസമൂഹം സ്വദേശികളുമായി ഇടകലര്‍ന്നു താമസിക്കുന്ന നിലവിലെ സാഹചര്യത്തിൽ മാറ്റം ആവശ്യമാണെന്നും കൗൺസിൽ നിർദേശിച്ചു. ഇതിനായി വിദേശ തൊഴിലാളികള്‍ക്ക് മാത്രമായുള്ള പ്രത്യേക താമസ സിറ്റികള്‍ നടപ്പാക്കണം നേരത്തെ അംഗീകാരമായ വിദേശികൾക്കുള്ള ബാച്ച്‍ലർ സിറ്റികളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണം തുടങ്ങി പന്ത്രണ്ടിന നിർദേശങ്ങളാണ്. സുപ്രിം പ്ലാനിങ് കൗൺസിൽ മുന്നോട്ടു വെച്ചത്.