കുട്ടികളുടെ വായനോത്സവത്തില്‍ താരങ്ങളായി തനിഷ്കും ടിയാരയും

Update: 2017-11-07 10:53 GMT
Editor : admin
കുട്ടികളുടെ വായനോത്സവത്തില്‍ താരങ്ങളായി തനിഷ്കും ടിയാരയും
Advertising

ഉയര്‍ന്ന ബുദ്ധിക്ഷമതയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ കോളജിലെത്തിയവരാണ്.

Full View

ഷാര്‍ജയില്‍ നടക്കുന്ന കുട്ടികളുടെ വായനോല്‍സവത്തില്‍ രണ്ട് അമേരിക്കന്‍ മലയാളി കുട്ടികളാണ് താരം. പന്ത്രണ്ടാം വയസില്‍ മൂന്ന് ബിരുദങ്ങള്‍ സ്വന്തമാക്കിയ തനിഷ്ക് മാത്യൂ എബ്രഹാമും, സഹോദരി ടിയാരയും. ഉയര്‍ന്ന ബുദ്ധിക്ഷമതയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ കോളജിലെത്തിയവരാണ്. ഷാര്‍ജ സര്‍ക്കാറിന്റെ പ്രത്യേക ക്ഷണിതാക്കളായാണ് ഇവര്‍ വായനോല്‍സവത്തിലെത്തിയത്.

അദ്ഭുതബാലന്‍ എന്നൊക്ക പറയില്ലേ, അതാണ് തനിഷ്ക് മാത്യൂ എബ്രഹാം. വയസ് പന്ത്രണ്ട്, കഴിഞ്ഞവര്‍ഷം കാലിഫോര്‍ണിയയിലെ അമേരിക്കന്‍ റിവര്‍ കോളജില്‍ നിന്ന് ഈ മിടുക്കന്‍ എഴുതിയെടുത്തത് മൂന്ന് ജൂനിയര്‍ ബിരുദങ്ങള്‍. അമേരിക്കയില്‍ തോല്‍ക്കാതെ പഠിച്ചാല്‍ ഇരുപത്തിരണ്ട് വയസ് വേണം ഈ ബിരുദം നേടാന്‍. ഒമ്പതാം വയസില്‍ നാസയിലെ ശാസ്ത്രഞ്ജരെ അഭിസംബോധന ചെയ്ത പ്രതിഭയാണ്. ഇപ്പോള്‍ ബയോഎഞ്ചിനീയറിംഗില്‍ തുടര്‍ പഠനത്തിനൊരുങ്ങുന്നു. ഡോക്ടറാകണം, മെഡിക്കല്‍ ഗവേഷകനാകണം, നോബേല്‍ സമ്മാനം നേടണം. പിന്നെ അമേരിക്കയുടെ പ്രസിഡന്റുമാകണം.

മൂന്ന് തലമുറയായി കാലിഫോര്‍ണിയയില്‍ കഴിയുന്ന തിരുവല്ല അയിരൂര്‍ സ്വദേശി ബിജോ എബ്രഹാമിന്റെയും, തൃശൂര്‍ കുന്നംകുളം സ്വദേശി ഡോ. ടാജി എബ്രഹാമിന്റെയും മക്കളാണിവര്‍. പരമ്പരാഗത വിദ്യാഭ്യാസത്തില്‍ നിന്ന് ഇവരെ മാറ്റുന്നത് അമേരിക്കയിലും എളുപ്പമായിരുന്നില്ല.

ചേട്ടന്റെ വഴിയേ തന്നെയാണ് അനിയത്തി ടിയാര. ഭാഷയിലും സംഗീതത്തിലും ബിരുദം നേടാന്‍ ടിയാരി സ്കൂള്‍ പഠനം ഉപേക്ഷിച്ചു കഴിഞ്ഞു. ഒപ്പേറ ഗായികയായി പേരെടുക്കുകയാണ് സ്വപ്നം.

ഉയര്‍ന്ന ഐക്യുവുള്ളവരുടെ കൂട്ടായ്മയായ മെന്‍സയിലെ അംഗങ്ങളാണ് ഇരുവരും. കുട്ടികള്‍ ഇതുവരെ ഇന്ത്യയും കേരളവും കണ്ടിട്ടില്ല. അമേരിക്കയില്‍ നിന്നുള്ള ആദ്യ വിദേശയാത്ര തന്നെ ഷാര്‍ജയിലേക്കായിരുന്നു.

നോബേല്‍ പുരസ്കാരത്തിന്റെയും ഗ്രാമി അവാര്‍ഡിന്റെയും പട്ടികയില്‍ ഈ മുഖങ്ങള്‍ കണ്ടാല്‍ ഒട്ടും അദ്ഭുതപ്പെടേണ്ട.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News