റമദാനില്‍ യാചന നടത്തിയവരുടെ സ്പോണ്‍സര്‍മാരെ നാടുകടത്തുമെന്ന് കുവൈത്ത്
യാചകരെ പിടികൂടിയാല്‍ അവരുടെ സ്‌പോണ്‍സര്‍മാരായ കുടുംബാംഗങ്ങളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുവൈറ്റില്‍ യാചന നടത്തുന്നതിനിടെ പിടിയിലായ 15 വിദേശികളുടെ സ്‌പോണ്‍സര്‍മാരെ ഉടന്‍ നാടുകടത്തുമെന്ന് സുരക്ഷാകേന്ദ്രങ്ങള്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ നല്‍കിയ സന്ദര്‍ശക വിസയിലാണ് യാചകര്‍ കുവൈത്തിലെത്തിയത്. യാചകരെ പിടികൂടിയാല്‍ അവരുടെ സ്‌പോണ്‍സര്‍മാരായ കുടുംബാംഗങ്ങളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
റമദാനില്‍ യാചന വ്യാപകമായതിനെ തുടര്‍ന്ന് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. വിദേശികള്‍ കുടുംബ സന്ദര്‍ശക വിസയിലത്തെി യാചന നടത്തുന്നത് മുന്‍വര്‍ഷങ്ങളില്‍ വ്യാപകമായിരുന്നു. ഇതേതുടര്‍ന്നാണ് നടപടികള്‍ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. യാചകരെ പിടികൂടാന്‍ റമദാന്‍ തുടക്കം മുതല്‍ പള്ളികള്‍, കച്ചവടകേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ സുരക്ഷാവിഭാഗം നിരീക്ഷിച്ചുവന്നിരുന്നു. ഇങ്ങനെയാണ് യാചകര്‍ പിടിയിലായത്.
കുടുംബങ്ങള്‍ അറിഞ്ഞുകൊണ്ടാണ് ഇവര്‍ യാചന നടത്തിയിരുന്നതെന്നും യാചനയിലൂടെ ലഭിക്കുന്ന പണം കുടുംബങ്ങള്‍ക്കും നല്‍കിയിരുന്നതായി ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്നും സുരക്ഷാകേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. യാചന നടത്തിയവരുടെ കുടുംബങ്ങളെ വിളിച്ചുവരുത്തി ചോദ്യംചെയ്തുവരുകയാണെന്നും ഇവരെ ഉടന്‍ നാടുകടത്തുന്നതാണെന്നും സുരക്ഷാവിഭാഗം അറിയിച്ചു. റമദാന്‍ ആദ്യം മുതല്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ യാചകരില്‍ അധികപേരും ജോര്‍ദാന്‍, സിറിയന്‍ പൗരന്മാരാണെന്ന് സുരക്ഷാകേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.