റമദാന്റെ പവിത്രതയെ അനാദരിക്കുന്നവര്‍ക്കെതിരെ നടപടി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
റമദാന്റെ പവിത്രതയെ അനാദരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
റമദാന്റെ പവിത്രതയെ അനാദരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പകല്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നതും ഭക്ഷ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കുന്നതും കുറ്റകരമാണ്. യാചകരെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിശുദ്ധ റമദാനെ അനാദരിക്കുന്നവര്‍ക്ക് ഒരു മാസം തടവോ അല്ലെങ്കില്‍ 100 ദീനാര്‍ പിഴയോ ശിക്ഷയായി ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മന്ത്രാലയത്തിന്റെ റമദാന്റെ മുന്നൊരുക്കങ്ങളെ കുറിച്ച് വിശദീകരിക്കവേ സെക്യൂരിറ്റി മീഡിയ പബ്ലിക് റിലേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹശ്ശാശാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്രതമാസത്തിലെ പകലുകളില്‍ പൊതുസ്ഥലത്തുവെച്ച് ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതും ഭക്ഷ്യ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നതും കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. റമദാനില്‍ യാചനയിലേര്‍പ്പെടുന്നവര്‍ പിടിക്കപ്പെട്ടാല്‍ വിദേശികളാണെങ്കില്‍ ഉടന്‍ നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ റമദാനില്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ പൊതു ജനങ്ങള്‍ മിതത്വം പാലിക്കണമെന്ന് ജല-വൈദ്യുതി മന്ത്രാലയം ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ ഉപയോഗം കൂടുന്നത് മൂലം വൈദ്യുതിക്ഷാമം നേരിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അധികൃതര്‍ പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചത്.