വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി: കുവൈത്തിൽ പുതിയ നിയമം ഉടൻ
കുറ്റക്കാർക്ക് അഞ്ച് വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും
കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു. നിയമം അനുസരിച്ച്, റെസിഡൻസി വ്യാപാരം നടത്തുന്നവർക്ക് 5 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കും. പുതിയ നിയമത്തിലൂടെ റെസിഡൻസി സംവിധാനത്തെ കൂടുതൽ സുതാര്യവും നിയന്ത്രിതവുമാക്കുകയാണ് ലക്ഷ്യം. വിസ അനുവദിക്കുന്നതിലും മാറ്റുന്നതിനുമുള്ള കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുകയാണെന്ന് പ്രാദേശിക മാധ്യമമായ അൽ-റായ് റിപ്പോർട്ട് ചെയ്തു.
പുതിയ നിയമപ്രകാരം, ഹോട്ടലുകളിൽ താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണമെന്ന നിർദ്ദേശമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള പൂർണ്ണ അധികാരം നൽകും. സന്ദർശക വിസയിൽ വരുന്നവർക്ക് കൂടിയത് മൂന്ന് മാസം മാത്രമേ രാജ്യത്ത് താമസിക്കാൻ അനുവദിക്കൂ. കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് നിർബന്ധമാണ്. പ്രവാസികൾക്ക് അഞ്ചു വർഷം വരെ സ്ഥിരതാമസാനുമതി നൽകാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രവാസികൾക്ക് ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാൻ കഴിയില്ല.
ഗാർഹിക തൊഴിലാളികളുടെ വിസ കൈമാറ്റം തൊഴിലുടമയുടെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ അനുമതിയോടെ മാത്രമേ അനുവദിക്കൂ. പ്രത്യേക അനുമതിയില്ലാതെ വീട്ടുജോലിക്കാർക്ക് നാല് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടരാൻ കഴിയില്ല. സർക്കാർ ഏജൻസികളിലെ ജീവനക്കാർക്ക് മറ്റൊരു ഏജൻസിയിൽ റസിഡൻസ് പെർമിറ്റ് ലഭിക്കണമെങ്കിൽ മുൻ ഏജൻസിയുടെ അംഗീകാരം നിർബന്ധമാണ്. സാമ്പത്തിക ലാഭത്തിനായി റെസിഡൻസി പുതുക്കുന്നതോ, വിസ കച്ചവടം ചെയ്യുന്നതോ കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴയും, ഡിപ്പോർട്ടേഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
സ്‌പോൺസർമാർ കുവൈത്തിൽ ഇല്ലാത്ത സാഹചര്യത്തിൽ, വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അത് അധികൃതരെ അറിയിക്കേണ്ടതാണ്. പ്രത്യേക സാഹചര്യങ്ങളിൽ വിദേശികളെ നാടുകടത്താനുള്ള അധികാരം ആഭ്യന്തര മന്ത്രിക്കുണ്ട്. പുതിയ നിയമം കുവൈത്തിലെ റെസിഡൻസി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമൊന്നാണ് പ്രതീക്ഷിക്കുന്നത്. റെസിഡൻസി വ്യാപാരം നിർത്തലാക്കുകയും നിയമലംഘനങ്ങൾക്ക് ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ, വിസ സംബന്ധിച്ച നിയമങ്ങൾ കൂടുതൽ സുതാര്യവും നിയന്ത്രിതവുമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.