ദുബൈയില്‍ സ്വയം തണുപ്പിക്കുന്ന സ്റ്റേഡിയം
നിറയെ ചെറുസുഷിരമുള്ള ലോഹ പാത്രത്തിന്റെ രൂപത്തിലായിരിക്കും സ്‌റ്റേഡിയത്തിന്റെ പുറം ഭാഗം. പുറത്ത് നിന്നടിക്കുന്ന കാറ്റ് സ്‌റ്റേഡിയത്തിനകത്തേക്ക് സുഷിരങ്ങളിലൂടെ പ്രവേശിക്കും.
ചുട്ടുപൊള്ളുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ എയര്‍കണ്ടീഷനില്ലാത്ത ഒരു മുറിയെ കുറിച്ച് പോലും ചിന്തിക്കാനാവില്ല. എന്നാല്‍, ദുബൈ എയര്‍കണ്ടീഷനില്ലാത്ത കൂറ്റന്‍ സ്‌റ്റേഡിയത്തിന് പദ്ധതിയിടുകയാണ്. അര ലക്ഷത്തിലേറെ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ സ്‌റ്റേഡിയം സ്വയം കാണികളെ തണുപ്പിക്കും, വൈദ്യുതിപോലുമില്ലാതെ.
നിറയെ ചെറുസുഷിരമുള്ള ലോഹ പാത്രത്തിന്റെ രൂപത്തിലായിരിക്കും സ്‌റ്റേഡിയത്തിന്റെ പുറം ഭാഗം. പുറത്ത് നിന്നടിക്കുന്ന കാറ്റ് സ്‌റ്റേഡിയത്തിനകത്തേക്ക് സുഷിരങ്ങളിലൂടെ പ്രവേശിക്കും. എന്നാല്‍ ചൂടിനെയും മണലിനെയും തടയും. ടെഫ്‌ളോണ്‍ ആവരണമുള്ള ചില്ല് കൊണ്ടായിരിക്കും മേല്‍ക്കൂര. ഇത് ഓപണ്‍ എയര്‍ സ്‌റ്റേഡിയത്തിന്റെ പ്രതീതി നല്‍കും. എന്നാല്‍ വെയിലും ചൂടും നേരിട്ട് ഗ്രൗണ്ടിലേക്ക് എത്തില്ല. സ്‌റ്റേഡിയത്തിന്റെ അടിഭാഗത്ത് കൃത്രിമ കുളമുണ്ടാകും. ഇതും ചൂടിനെ ആഗിരണം ചെയ്യും. ചൂട് കാറ്റ് തടയാന്‍ സ്‌റ്റേഡിയത്തിത്തിന് ചുറ്റും നിറയെ മരങ്ങളുണ്ടാകും. പ്രമുഖ ആര്‍ക്കിടെക്ട് സ്ഥാപനമായ പെര്‍കിന്‍സ് പ്ലസ് വില്ലാണ് സ്വയം തണുപ്പിക്കുന്ന സ്‌റ്റേഡിയത്തിന്റെ മാതൃക പുറത്തുവിട്ടത്.
13 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്‌റ്റേഡിയം യു.എ.ഇയിലെ ഏറ്റവും വലുതായിരിക്കും. 60,000 പേര്‍ക്ക് ഒരേ സമയം ഇരുന്ന് കളി കാണാം. നിര്‍മാണ അനുമതി ലഭിച്ചാല്‍ ലോകത്ത് ഇത്തരത്തിലെ ആദ്യ സ്‌റ്റേഡിയമായിരിക്കുമിത്. ദുബൈയുടെ കിഴക്കന്‍ മേഖലയിലാണ് വ്യത്യസ്തമായ സ്‌റ്റേഡിയത്തിന് സ്ഥലം പ്രതീഷിക്കുന്നത്.