ഇന്ത്യ-യു.എ.ഇ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി: ഉഭയകക്ഷി ബന്ധങ്ങളില്‍ വഴിത്തിരിവാകുമെന്ന് വിലയിരുത്തല്‍
ഇന്ത്യയുടെ ജനാധിപത്യ മികവുകളുടെ ഗുണം പ്രായോഗികമായി യു.എ.ഇയില്‍ നടപ്പാക്കാന്‍ ഫെഡറല്‍ ദേശീയ കൗണ്‍സില്‍ സന്നദ്ധത അറിയിച്ചത് വലിയ നേട്ടമായും വിലയിരുത്തപ്പെടുന്നു.
സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് രൂപം നല്‍കാനുള്ള ഇന്ത്യ-യു.എ.ഇ തീരുമാനം ഉഭയകക്ഷി ബന്ധങ്ങളില്‍ വഴിത്തിരിവാകും. ഇന്ത്യയുടെ ജനാധിപത്യ മികവുകളുടെ ഗുണം പ്രായോഗികമായി യു.എ.ഇയില്‍ നടപ്പാക്കാന്‍ ഫെഡറല്‍ ദേശീയ കൗണ്‍സില്‍ സന്നദ്ധത അറിയിച്ചത് വലിയ നേട്ടമായും വിലയിരുത്തപ്പെടുന്നു.
യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസിയും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് സംയുക്ത പാര്‍ലമെന്റ് സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. എല്ലാ തുറകളിലും സ്വതന്ത്ര സമീപനവും ജനാധിപത്യവും സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന തങ്ങള്‍ക്ക് ചേര്‍ന്നു നില്‍ക്കാന്‍ സാധിക്കുന്ന മികച്ച രാജ്യമാണ് ഇന്ത്യയെന്ന് യു.എ.ഇ വിലയിരുത്തുന്നു.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ പാര്‍ലമെന്ററി സംഘത്തിന്റെ സന്ദര്‍ശനങ്ങളിലൂടെ ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധം പകരാനും ധാരണയായിട്ടുണ്ട്. അബൂദബി കീരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അടുത്തിടെ ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ച കൂടിയാണ് വിവിധ തുറകളില്‍ സഹകരിക്കാനുള്ള തീരുമാനം. മാറിയ കാലത്ത് പാര്‍ലമെന്ററി സംവിധാനത്തിന്റെ സാധ്യതകള്‍ പരസ്പരം ഉപയോഗിക്കാന്‍ സാധിക്കേണ്ടതിന്റെ പ്രാധാന്യവും ഫെഡറല്‍ ദേശീയ കൗണ്‍സില്‍ സ്പീക്കര്‍ വ്യക്തമാക്കി. യു.എ.ഇഇന്ത്യന്‍ സൗഹൃദ പാര്‍ലമെന്ററി കമ്മിറ്റി രൂപവത്കരിക്കുന്നതിന് ധാരണാപത്രത്തിന് ഉടന്‍ തന്നെ കരട് രൂപം തയാറാക്കും.
ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ നടത്താന്‍ യു.എ.ഇ ദേശീയ ഫെഡറല്‍ കൗണ്‍സില്‍ വര്‍ധിച്ച താല്‍പര്യമാണെടുക്കുന്നത്. ബാലസംരക്ഷണം ഉള്‍പ്പെടെ സുപ്രധാന നിയമനിര്‍മാണങ്ങളുടെ കാര്യത്തിലും കൗണ്‍സില്‍ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ അടത്തറിയാന്‍ സാധിക്കുന്നതിലൂടെ കൗണ്‍സില്‍ യോഗങ്ങള്‍ക്ക് കൂടുതല്‍ പ്രൊഫഷനലിസം പകരാന്‍ കഴിയുമെന്നും യു.എ.ഇ വിലയിരുത്തുന്നു.