കുവൈത്തിലെ സ്വകാര്യ തൊഴില്‍ മേഖലയിലെ വിദേശികളുടെ എണ്ണം 16 ലക്ഷം കവിഞ്ഞു
സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വിദേശി സമൂഹവും ഇന്ത്യക്കാര്‍ തന്നെ. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്തിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 16 ലക്ഷം കവിഞ്ഞതായി വെളിപ്പെടുത്തല്‍. അഞ്ചരലക്ഷത്തിനടുത്ത് ഇന്ത്യക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വിദേശി സമൂഹവും ഇന്ത്യക്കാര്‍ തന്നെ. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
1640808 ആണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വിദേശികളുടെ മൊത്തം എണ്ണം. ഇതില്‍ 549312 പേരുമായി ഇന്ത്യക്കാര്‍ ഒന്നാമതും 448141 പേരുമായി ഈജിപ്ത് സ്വദേശികള്‍ രണ്ടാമതുമാണ് . 152331 ആണ് പട്ടികയില്‍ മൂന്നാമതായി ബംഗ്‌ളാദേശുകാരുടെ എണ്ണം. 93216 പാകിസ്താനികളും, 83465 ഫിലിപ്പൈന്‍ പൗരന്മാരും വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. തൊഴില്‍ നിയമലംഘനങ്ങളുടെ ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് സ്വകാര്യ മേഖലയിലെ വിദേശി സാന്നിധ്യത്തെ കുറിച്ച് കണക്കുകള്‍ ഉള്‍പ്പെടുത്തിയത്. വിസക്കച്ചവടവും മനുഷ്യക്കടത്തും തടയുന്നതിനായി മന്ത്രാലയം കൈക്കൊണ്ട നടപടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. വിദേശികളെ രാജ്യത്തെത്തിച്ച ശേഷം വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതിന് 325 ഓളം സ്ഥാപന ഉടമകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവ ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം 1023 സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഗാര്‍ഹിക മേഖലയില്‍ എണ്ണത്തില്‍ കൂടുതലുള്ളത് ഇന്ത്യന്‍ തൊഴിലാളികളാണ് എന്ന് കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.