നിതാഖാത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ സൗദി

Update: 2018-01-07 17:55 GMT
Editor : Ubaid
Advertising

സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാങ്കല്‍പിക സ്വദേശിവത്കരണത്തിന് അവസരം നല്‍കുന്നതാണ് സപ്പോര്‍ട്ടീവ് നിതാഖാത്ത്.

Full View

സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിതാഖാത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അണ്ടര്‍സെക്രട്ടറി ഡോ. അഹ്മദ് ഖത്താന്‍ അറിയിച്ചു. ആവശ്യമായ സ്വദേശികളെ നിയമിക്കാത്തതിന്റെ പേരില്‍ ചുമപ്പ്, മഞ്ഞ ഗണത്തിലായി പ്രയാസപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പച്ചയിലേക്ക് മാറാനുള്ള സംവിധാനമാണ് 'നിതാഖാത്ത് അല്‍മുസാനിദ' അഥവാ 'സപ്പേര്‍ട്ടീവ് നിതാഖാത്ത്' എന്ന പേരില്‍ മന്ത്രാലയം പുതുതായി ആരംഭിക്കുന്നത്.

സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാങ്കല്‍പിക സ്വദേശിവത്കരണത്തിന് അവസരം നല്‍കുന്നതാണ് സപ്പോര്‍ട്ടീവ് നിതാഖാത്ത്. സ്വദേശികളുടെ എണ്ണത്തിനനുസരിച്ച് മന്ത്രാലയത്തില്‍ പണമടച്ചാണ് ചുമപ്പിലും മഞ്ഞയിലുമുള്ള സ്ഥാപനങ്ങള്‍ക്ക് പച്ച ഗണത്തിലേക്ക് കയറാനും തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.

സാങ്കല്‍പിക സ്വദേശിവത്കരണത്തില്‍ ആദ്യ സ്വദേശിക്ക് 3,600 റിയാല്‍ രണ്ടാമത്തെയാള്‍ക്ക് 4,200 റിയാല്‍ മൂന്നാമത്തെയാള്‍ക്ക് 4,800 റിയാല്‍ എന്നിങ്ങിനെയാണ് പണമടക്കേണ്ടത്. ഒമ്പത് സ്വദേികളെ വരെ സാങ്കല്‍പികമായി നിയമിക്കുന്ന വേളയിലാണ് 600 റിയാല്‍ വീതം വര്‍ധിക്കുക. ഇത്തരത്തില്‍ അടക്കുന്ന ഏറ്റവും കൂടിയ സംഖ്യ 9,000 റിയാല്‍ ആയിരിക്കും. സ്വദേശികളെ നിയമിക്കാതെ തന്നെ സ്ഥാപനങ്ങള്‍ക്ക് പണമടച്ച് പച്ച ഗണത്തില്‍ തുടരാനും മന്ത്രാലയത്തിന്റെ സേവനം ഉറപ്പുവരുത്താനുമാവുമെന്നതാണ് പുതിയ സംവിധാനത്തിന്റെ ഗുണഫലം.

ഇത്തരത്തില്‍ ലഭിക്കുന്ന സംഖ്യ സ്വദേശികളുടെ തൊഴില്‍ പരിശീലനത്തിന് ഉപയോഗിക്കുമെന്ന് അണ്ടര്‍സെക്രട്ടറി വ്യക്തമാക്കി. 40 ശതമാനം സ്വദേശിവത്കരണം ആവശ്യമുള്ള സ്ഥാപനം പത്ത് ശതമാനം മാത്രമാണ് സ്വദേശികളെ നിയമിച്ചിട്ടുള്ളതെങ്കില്‍ ബാക്കി 30 ശതമാനത്തിന് പണമടച്ച് പച്ച ഗണത്തില്‍ തുടരാനാവുമെന്ന് ഡോ. അഹ്മദ് അല്‍ഖത്താന്‍ വിശദീകരിച്ചു. സൗദി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020യുടെയും ഭാഗമായാണ് നിതാഖാത്തിന്റെ പുതിയ രൂപം നടപ്പാക്കുന്നതെന്നും ഡോ. ഖത്താന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News