മൊബൈല്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത 1500 സ്ഥാപനങ്ങള്‍ പൂട്ടി
പരിശോധന ഭയന്ന് അടച്ചിട്ട എഴുനൂറ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മൊബൈല്‍ഫോണ്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയ ആയിരത്തി അഞ്ഞൂറ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. പരിശോധന ഭയന്ന് അടച്ചിട്ട എഴുനൂറ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അനുവദിച്ച കാലാവധിക്കുള്ളില്‍ നിയമം പൂര്‍ണമായും നടപ്പാക്കുന്നതില്‍ വിട്ടുവിഴ്ചയില്ലെന്ന് സൌദി തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെ നടന്ന പരിശോധനകളില്‍ 2700 ലധികം നിയമ ലംഘനങ്ങള്‍ പിടികൂടിയതായി പരിശോധന വിഭാഗം അറിയിച്ചു. പിടികൂടുന്ന കേസുകള്‍ ശിക്ഷാനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറും. കിഴക്കന്‍ മേഖലയാണ് 765 കേസുകളുമായി നിയമ ലംഘനങ്ങളുടെ കാര്യത്തില്‍ മുന്നിലുള്ളത്. നജ്റാനില്‍ 14 നിയമ ലംഘനങ്ങള്‍ മാത്രമാണ് കണ്ടത്തൊനായതെന്നും പരിശോധന വിഭാഗം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയം , നഗര ഗ്രാമ കാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, എന്നീവിഭാഗങ്ങളുമായും സുരക്ഷ സേനയുമായും സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്. സ്വദേശി യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷ നടപികള്‍ സ്വീകരിക്കുമെന്ന്തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ജൂണ്‍ മാസത്തില്‍ 669 സ്ഥാപനങ്ങളാണ് പൂര്‍ണമായും നിയമം പാലിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജൂലൈ മാസമായപ്പോഴേക്കും 16,000 ത്തോളം സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി പത്തൊന്‍പതിനായിരത്തോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് ബിന്‍ അബ്ദുല്ല അല്‍ഉവൈദി പറഞ്ഞു. സെപ്തംബര്‍ മൂന്ന് വരെ പരിശോധന തുടരും.