16 ലക്ഷം തീര്‍ഥാടകര്‍ക്കുള്ള താമസ സൌകര്യം മക്കയില്‍ ഒരുക്കുമെന്ന് പാര്‍പ്പിട വിഭാഗം
മക്കയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ഹോട്ടലുകളും ബില്‍ഡിംങുകളുമാണ് തീര്‍ഥാടകര്‍ക്കായുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നത്
പതിനാറ് ലക്ഷം തീര്‍ഥാടകര്‍ക്കുള്ള താമസ സൌകര്യങ്ങള്‍ മക്കയില്‍ ഒരുക്കുമെന്ന് ഹജ്ജ് പാര്‍പ്പിട വിഭാഗം മേധാവി എഞ്ചിനീയര്‍ മാസിന്‍ അസ്സനാരി പറഞ്ഞു. മക്കയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ഹോട്ടലുകളും ബില്‍ഡിംങുകളുമാണ് തീര്‍ഥാടകര്‍ക്കായുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇതിനകംതന്നെ തയാറായതായും എഞ്ചിനീയര്‍ മാസിന്‍ അസ്സനാരി പറഞ്ഞു. സൌദിക്ക് പുറത്ത് നിന്ന് പതിനാല് ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുക. ആറായിരത്തോളെ ആഭ്യന്തര തീര്‍ഥാടകരും ഹജ്ജ് നിര്‍വഹിക്കും. ആഭ്യന്തര തീര്‍ഥാടകരില്‍ ഭൂരിഭാഗവും മിനായിലേക്ക് നേരിട്ടെത്തുന്നതിനാല്‍ അവര്‍ത്ത് ഹോട്ടലുകളില്‍ താമസ സൌകര്യം ആവശ്യമായി വരില്ല. തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കൂടുതല്‍ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു. കൃത്യ സമയത്ത് പാര്‍പ്പിട അപേക്ഷ ഹജ് പാര്‍പ്പിട കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടില്ലാത്ത കെട്ടിട ഉടമകളുടെ അപേക്ഷകള്‍ മക്ക മേഖല ഗവര്‍ണ്ണറേറ്റിന് കൈമാറിയതായും അംഗീകാരം ലഭിക്കുന്നതോടെ കൂടുതല്‍ കെട്ടിടങ്ങള്‍ അനുവദിക്കാനാവുമെന്നും എഞ്ചി. മാസിന്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകരുടെ താമസ സൗകര്യങ്ങള്‍ കുറ്റമറ്റതാക്കുന്നതിന്‍െറ ഭാഗമായി സുരക്ഷ പരിശോധനകളും മറ്റും നടത്തുന്നതിനായി മക്കയില്‍ മാത്രം 18 പരിശോധന വിഭാഗത്തെ നിയമിച്ചിട്ടുണ്ട്. അടുത്താഴ്ച മുതല്‍ ആരംഭിക്കുന്ന പരിശോധനകള്‍ ഹജ്ജ് മാസാവസാനം തീര്‍ഥാടകര്‍ തിരിച്ചുപോകുന്നത് വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇത്തവണ മികച്ച താമസ സൌകര്യങ്ങളാണ് ഒരുക്കുന്നത്. ഗ്രീന്‍ കാറ്റഗറിയില്‍ പുതിയ ബില്‍ഡിംങുകളാണ് തെരഞ്ഞെടുത്തത്. അസീസിയയിലും നല്ല റൂമുകളാണ് തീര്‍ഥാടകര്‍ക്ക് ലഭിക്കുക.