പൊതുമാപ്പ്; എക്സിറ്റ് നേടിയ അനധികൃത താമസക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി
26,442 പേര്‍ എംബസിയുടെ സഹായം തേടിയതായും എംബസി അറിയിച്ചു
പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ എക്സിറ്റ് നേടിയ അനധികൃത താമസക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി. 26,442 പേര്‍ എംബസിയുടെ സഹായം തേടിയതായും എംബസി അറിയിച്ചു. ഒരു മാസം കൂടിയാണ് ഇളവുകാലം അവശേഷിക്കുന്നത് .
നിയമ ലംഘകരായ താമസക്കാര്‍ക്ക് സൗദി അറേബ്യ നല്‍കിയ ഇളവുകാലം അവസാന ഘട്ടത്തിലത്തെിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചത്. ഇതു വരെ 26000 ലധികം ഇന്ത്യക്കാര്‍ ഔട്ട് പാസിനായി എംബസിയെ സമീപിച്ചു. ഇതില്‍ ഭൂരിപക്ഷത്തിനും എക്സിറ്റ് ലഭിച്ചതയാണ് വിവരം. റിയാദില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രത്തില്‍ പതിനായിരത്തോളം പേരാണ് എക്സിറ്റ് നേടിയത്.
പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ഇതുവരെ രാജ്യം വിട്ട ഇന്ത്യക്കാരുടെ കൃത്യമായ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെന്ന് എംബസി അറിയിച്ചു. എക്സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവരുണ്ട്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ഇവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.