ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തുടങ്ങി
15 ഓളം ഗവണ്‍മെന്റ് വിഭാഗങ്ങള്‍ക്ക് കീഴിലാണ തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്
ഹജ്ജിന് മുന്നോടിയായി മക്കയിലും മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിലും വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. 15 ഓളം ഗവണ്‍മെന്റ് വിഭാഗങ്ങള്‍ക്ക് കീഴിലാണ തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്. തമ്പുകളിലെ അറ്റക്കുറ്റ പണികള്‍ക്കും ശുചീകരണ ജോലികള്‍ക്കും 5000 ത്തോളം തൊഴിലാളികള്‍ മിനയില്‍ ജോലി ചെയ്തുവരുന്നുണ്ട്.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍, കേടായ സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റുക, തുരങ്കങ്ങളില്‍ ഫാനുകളും ലൈറ്റുകളും പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറത്തുവരുത്തുക, ആവശ്യമായ മാര്‍ഗനിര്‍ദേശ ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ ജോലികള്‍ മക്ക മുനിസിപ്പാലിറ്റിക്ക് കീഴില്‍ പൂര്‍ത്തിയായിവരികയാണ്. ജലസംഭണികളും പൈപ്പുകളും ടാങ്കുകളും പരിശോധിക്കുകയും കേടായവ മാറ്റുകയും ചെയ്യുന്ന ജോലികള്‍ ജല വകുപ്പിന് കീഴിലും ആരംഭിച്ചിട്ടുണ്ട്.
മിനയില്‍ തീര്‍ഥാടകര്‍ കല്ലെറിയുന്ന ജംറക്ക് പടിഞ്ഞാറ് ഭാഗത്ത് മുറ്റങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കലും നടപ്പാതകളൊരുക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഇതോടെ ജംറകളിലെ കല്ലേറിനു ശേഷം തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ മസ്ജിദുല്‍ഹറാമിലേക്കും മക്കയിലെ താമസ കേന്ദ്രങ്ങളിലേക്കും എത്താന്‍ സാധിക്കും. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ മെഡിക്കല്‍ സെന്ററുകളിലും ആശുപത്രികളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്ന നടപടികള്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ പൂര്‍ത്തിയായി വരുന്നു. മതകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ പള്ളികള്‍ സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി. തമ്പുകള്‍ ഏറ്റുവാങ്ങിയ ഹജ്ജ് സേവന സ്ഥാപനങ്ങളും തമ്പുകളില്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്.