കേരള സംഘം എത്തിയില്ല; നാലര മാസം കഴിഞ്ഞിട്ടും അനക്കമില്ല

Update: 2018-02-17 17:41 GMT
Advertising

സെപ്തംബർ അവസാനത്തിലായിരുന്നു​ ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസ്​മിയുടെ ചരിത്രം കുറിച്ച കേരള സന്ദർശനം


ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും അദ്ദേഹം പ്രഖ്യാപിച്ച പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഷാർജയിൽ കുറഞ്ഞ ചെലവിൽ പാർപ്പിട സമുച്ചയം ഉൾപ്പെടെ നിരവധി പദ്ധതികൾക്ക്​ ഭരണാധികാരി പച്ചക്കൊടി കാണിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ, സ്വപ്ന പദ്ധതികൾക്ക്​ തടസ്സമാകുകയാണ്.


സെപ്തംബർ അവസാനത്തിലായിരുന്നു​ ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസ്​മിയുടെ ചരിത്രം കുറിച്ച കേരള സന്ദർശനം​. കേരളത്തിൽ ചെലവിട്ട മൂന്ന്​ നാളുകളിൽ മലയാളി സമൂഹവുമായി വലിയ തോതിലുള്ള ഹൃദയബന്​ധം രൂപപ്പെടുത്താൻ അദ്ദേഹത്തിന്​ സാധിക്കുകയുണ്ടായി. 149 തടവുകാരുടെ മോചനവും അദ്ദേഹം പ്രഖ്യാപിച്ചു.

കോഴിക്കോട്​ സർവകലാശാലയുടെ ഡിലിറ്റ്​ ബിരുദം സ്വീകരിച്ച അദ്ദേഹം തേഞ്ഞിപ്പലത്തെ കാമ്പസ്​ വികസന പദ്ധതിക്ക്​ പിന്തുണ പ്രഖ്യാപിച്ചതാണ്​. പ്രവാസി സമൂഹം ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന ഷാർജയിൽ കുറഞ്ഞ നിരക്കിലുള്ള ഭവന പദ്ധതിയും ഉപരി പഠനം മുൻനിർത്തിയുള്ള വിവിധ കേന്ദ്രങ്ങളും ഒരുക്കാൻ ഭൂമി ഉൾപ്പെടെ നൽകാമെന്നും ​ ഭരണാധികാരി ഉറപ്പു​ നൽകി​. ആയുർവേദ സൗകര്യം ഉൾപ്പെടെ വിപുലമായ സാംസ്കാരിക കേന്ദ്രവും സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച നിർദേ​ശങ്ങളിൽ ഉൾപ്പെട്ടിരുന്നു. പദ്ധതികളുടെ പ്രയോഗവത്​കരണത്തിന്​ കേരളത്തിൽ നിന്നുള്ള സംഘം ഉടൻ ഷാർജ സന്ദർശിക്കും എന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്​. എന്നാൽ കാര്യമായ നീക്കമൊന്നും ഉണ്ടായില്ലെന്ന ആക്ഷേപമാണ്​ ഇപ്പോൾ ഉയരുന്നത്​. മുഖ്യമന്ത്രി വർധിച്ച താൽപര്യമെടുത്തെങ്കിലു​ ഉദ്യോഗസ്ഥരാണ്​ ഉടക്കുമായി രംഗത്തുള്ളത്​.

ഏതായാലും ​രണ്ടു മാസത്തിനുള്ളിൽ പ്രതിനിധി സംഘം ഷാർജയിൽ എത്തുമെന്നാണ്​ സംസ്ഥാന സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഷാർജ ഭരണാധികാരിയുടെ ഉദാര നിലപാട്​ പ്രയോഗത്തിൽ കൊണ്ടു വരാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന ആവശ്യമാണ്​ ​പ്രവാസി കൂട്ടായ്മകൾ ഉയർത്തുന്നത്​.

Tags:    

Similar News